ad
Deshabhimani

ബ്രെയ്‌ലിയുടെ നാട്ടിൽനിന്ന് ആലുവയിലേക്ക്: കാഴ്ചയുടെ പുതിയ ഭാഷതേടി ഫ്രഞ്ച് സംഘം

French team

ഫ്രാൻസിൽനിന്നുള്ള കാഴ്ചപരിമിതരുടെ പ്രതിനിധിസംഘം ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ കുട്ടികളുമായി സംവദിക്കുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 01:05 AM | 1 min read

ആലുവ


കാഴ്ചയുടെ പരിമിതികളെ ഉൾക്കാഴ്ചയിൽ മറികടക്കുന്ന കുട്ടികളുടെ ലോകം അടുത്തറിയാൻ ഫ്രാൻസിൽനിന്നുള്ള കഴ്ചപരിമിതരായ പ്രത്യേക പ്രതിനിധിസംഘം ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെത്തി. ബ്രെയ്‌ലി ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയ്‌ലിയുടെ ജന്മനാട്ടിൽ നിന്നെത്തിയ അതിഥികൾക്ക് മുന്നിൽ സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിക്കുകയായിരുന്നു സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ കുട്ടികൾ.


വിദ്യാലയത്തിലെ ക്ലാസ് മുറികളിലൂടെ നടന്നുനീങ്ങിയ പ്രതിനിധിസംഘം കുട്ടികൾ ബ്രെയ്‌ലി ലിപിയിലൂടെ അറിവ് സ്വന്തമാക്കുന്നതും, സ്ക്രീൻ റീഡർ സാങ്കേതികവിദ്യയിലൂടെ ഡിജിറ്റൽ ലോകവുമായി സംവദിക്കുന്നതും, സ്വതന്ത്രമായി സഞ്ചരിക്കാൻ ഓറിയന്റേഷൻ ആൻഡ് മൊബിലിറ്റി പരിശീലനം നേടുന്നതും ശ്രദ്ധയോടെ നിരീക്ഷിച്ചു. ഓരോ സംവിധാനവും കുട്ടികളുടെ ആത്മവിശ്വാസം എങ്ങനെ വളർത്തുന്നുവെന്നും അവർ വിലയിരുത്തി.


1962-ൽ കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയുടെ (കെബിഎസ്എസ്) നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയത്തിൽ അഡാപ്റ്റീവ് ക്ലാസ് മുറികൾ, പ്രത്യേക പഠനോപകരണങ്ങൾ, ഇൻക്ലൂസീവ് ഗെയിമുകൾ, കുട്ടികൾക്കായുള്ള പ്രത്യേക പാർക്ക് തുടങ്ങി സമഗ്രമായ പഠനാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. പഠനം പാഠപുസ്തകങ്ങളിൽ ഒതുക്കാതെ ജീവിതനൈപുണ്യങ്ങളുമായി ബന്ധിപ്പിക്കുന്ന സമീപനവും ശ്രദ്ധേയമാണ്. കലാ-കായികരംഗത്തും വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ പ്രതിനിധിസംഘത്തെ ആകർഷിച്ചു. കുട്ടികളുമായുള്ള ആശയവിനിമയത്തിൽ കാഴ്ചപരിമിതരുടെ വിദ്യാഭ്യാസരംഗത്ത് ഉണ്ടായ സാങ്കേതിക മുന്നേറ്റങ്ങളും പഠനസാധ്യതകളും പങ്കുവച്ചു. അറിവിന്റെയും അനുഭവങ്ങളുടെയും കൈമാറ്റം ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസരംഗത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതാണെന്ന വിലയിരുത്തലും ഉയർന്നു.


ലോകത്തിന് ബ്രെയ്‌ലി ലിപി സമ്മാനിച്ച നാടും ബ്രെയ്‌ലി അറിവിലൂടെ ജീവിതങ്ങൾക്ക് പുതിയ വെളിച്ചം പകരുന്ന കേരളത്തിലെ ഒരു വിദ്യാലയവും തമ്മിൽ രൂപപ്പെട്ട കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായി. അരനൂറ്റാണ്ടിലേറെയായി കാഴ്ചപരിമിതരായ വിദ്യാർഥികളെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് കൈപിടിച്ചുയർത്തിയ ആലുവ ബ്ലൈൻഡ് സ്കൂളിന് ഫ്രഞ്ച് സംഘത്തിന്റെ സന്ദർശനം ഭാവിയിലെ അക്കാദമിക-സാങ്കേതിക സഹകരണത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home