ad
Deshabhimani

മഴയിൽ കരകയറ്റിയത്‌ 286 പേരെ

രക്ഷയായി അഗ്നിരക്ഷാസേന

Fire force personnel emerge as saviors for hundreds of families.

കഴിഞ്ഞ മഴയിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്‌നിരക്ഷാസേനാംഗങ്ങൾ

വെബ് ഡെസ്ക്

Published on Aug 07, 2026, 01:51 AM | 1 min read

കോഴിക്കോട്

ശക്തമായ മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായപ്പോൾ നൂറുകണക്കിന് കുടുംബങ്ങൾക്ക് രക്ഷകരായി അഗ്നിരക്ഷാസേനാംഗങ്ങൾ. ചാലിയാർ, പൂനൂർ പുഴ, ഇരുവഴിഞ്ഞിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകി വീടുകളിലേക്ക് പ്രളയ ജലം ഇരച്ചുകയറിയതോടെ മൂന്നുദിവസമായി വിശ്രമമില്ലാതെ ജീവൻ പണയംവച്ചാണ്‌ സോനാംഗങ്ങൾ ജീവന്റെ കൈത്താങ്ങായത്‌. ജില്ലാ ഫയർ ഓഫീസർ ജോസഫിന്റെ നേതൃത്വത്തിലുള്ള ദൗത്യത്തിൽ മുഴുവൻ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി. വെള്ളിമാടുകുന്ന്, മീഞ്ചന്ത, മാവൂർ, മുക്കം സ്റ്റേഷനുകളുടെ പരിധിയിലായിരുന്നു മഴ കൂടുതൽ. 22 കിടപ്പുരോഗികളടക്കം 286 പേരെയാണ്‌ സുരക്ഷിത സ്ഥലങ്ങളിലേക്ക് സേന മാറ്റിയത്‌. കിടപ്പുരോഗികളെ സ്‌ട്രെച്ചറുകളിൽ കയറ്റി റബർ ഡിങ്കി ബോട്ടുകളിലെത്തിച്ചശേഷമാണ്‌ ആശുപത്രികളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയത്‌. രാത്രികാല ദൗത്യങ്ങളായിരുന്നു വെല്ലുവിളി. പകലിൽ വീട് വിട്ടുപോകില്ലെന്ന് പറഞ്ഞ പലരും രാത്രിയിൽ വെള്ളം ഉയർന്നതോടെ സഹായം അഭ്യർഥിക്കുകയായിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ടോർച്ച്‌ വെളിച്ചംമാത്രമായിരുന്നു പലപ്പോഴും ആശ്രയം. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷന്റെ പരിധിയിലായിരുന്നു കൂടുതൽ രക്ഷാപ്രവർത്തനം. സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽനിന്നുമാത്രം 200 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. കണ്ണാടിക്കൽ, വടക്കേ വയൽ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പുഴയോരത്തെ വീടുകളിലേക്ക് ബോട്ടുമായി പ്രവേശിക്കുമ്പോൾ ശക്തമായ കുത്തൊഴുക്ക് രക്ഷാപ്രവർത്തകരുടെ ജീവനും വെല്ലുവിളിയായി. വീട്ടിൽ വെള്ളം കയറുകയാണെന്നുപറഞ്ഞ്‌ പുലർച്ചെ വെള്ളിമാടുകുന്ന് സ്റ്റേഷനിലേക്ക് ആധിയോടെ വിളിച്ച, കണ്ണാടിക്കലിൽ പുതുതായി താമസമാക്കിയ പൊള്ളാച്ചി സ്വദേശികളായ കുടുംബത്തെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി. ഇതിനിടയിൽ 25ഓളം മരങ്ങൾ റോഡിലേക്ക് വീണത് നീക്കുന്നതിനും കിണർ അപകടങ്ങളും ഉൾപ്പെടെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും സേന സജീവമായുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home