വിനോദസഞ്ചാരികള്‍ക്ക് പ്രിയം കൊച്ചിയോട്

കൊച്ചി
ആഗോള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമായി കൊച്ചി മാറുന്നതായി പ്രമുഖ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിങ് ഡോട്ട്‌കോമിന്റെ റിപ്പോർട്ട്. ബുക്കിങ് ഡോട്ട്‌കോമിന്റെ 2026ലെ വാർഷിക ‘യാത്രാപ്രവചനം' റിപ്പോർട്ടിലാണ് 10 ട്രെൻഡിങ് യാത്രാകേന്ദ്രങ്ങളില്‍ ഒന്നായി കൊച്ചിയെ തെരഞ്ഞെടുത്തത്. വിയറ്റ്നാമിലെ മ്യൂയിനെ, ഓസ്‌ട്രേലിയയിലെ പോർട്ട് ഡഗ്ലസ് തുടങ്ങിയ അന്താരാഷ്ട്ര യാത്രാകേന്ദ്രങ്ങള്‍ക്ക് ഒപ്പമാണ് കൊച്ചി ഇടംനേടിയത്.
പൈതൃകഭംഗിയും കായലുകളുടെ മനോഹാരിതയും ആധുനികതയുള്ള നഗരാനുഭവങ്ങളും സമന്വയിക്കുന്ന ഇടമെന്ന നിലയിലാണ് കൊച്ചി ആഗോളശ്രദ്ധ നേടിയിരിക്കുന്നത്. ബുക്കിങ് ഡോട്ട്‌കോമിന്റെ താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ പ്രകാരം 2026ല്‍ വിനോദസഞ്ചാരികള്‍ തിരഞ്ഞ കേന്ദ്രങ്ങളില്‍ കൊച്ചി 30 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതേ കാലയളവിൽ 40 ശതമാനം വാർഷിക വർധനയോടെ കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്നാമത്തെ സംസ്ഥാനവുമായി.
കൊച്ചിയിൽ ഹോട്ടലുകൾക്കുപുറമെ ഹോളിഡേ ഹോമുകൾ, ഗസ്റ്റ് ഹൗസുകൾ, വില്ലകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ബുക്കിങ്ഡോട്ട്‌കോം ദക്ഷിണേഷ്യാ റീജണൽ മാനേജർ സന്തോഷ് കുമാർ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ എബ്രഹാം പങ്കെടുത്തു.









0 comments