മൺമറഞ്ഞിട്ടില്ല‘മ്ലാവേലി വായന’

എറണാകുളം മഹാരാജാസ് കോളേജിൽ മലയാളവിഭാഗവും ഫോക് ലാൻഡും ചേർന്ന് സംഘടിപ്പിച്ച ഫോക്ലോർ ദിനാചരണത്തിൽ കെ കെ രവിയും സംഘവും അവതരിപ്പിച്ച മ്ലാവേലി വായന

സ്വന്തം ലേഖകൻ
Published on Aug 19, 2026, 12:28 AM | 1 min read
കൊച്ചി
അന്യംനിന്നുപോകുന്ന നിരവധി കലാരൂപങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് ജില്ലയുടെ കിഴക്കൻ മേഖലയിൽ അപൂർവമായി പ്രചാരത്തിലുള്ള ‘മ്ലാവേലി വായന’. രാവേലി വായന, ഡാവേലി വായന, ബ്ലാവേലി വായന എന്നീ പേരുകളിലും അറിയപ്പെടുന്നു. വീരശൈവ സമുദായക്കാരാണ് തലമുറകളായിത് പിന്തുടരുന്നത്. കർക്കടകമാസം വീടുകളിലെത്തി അവതരിപ്പിക്കുന്ന കലാരൂപം നേരിൽക്കാണാനായത് വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗവും ഫോക്ക് ലാൻഡും ചേർന്നാണ് ‘മ്ലാവേലി അവതരണം’ കോളേജിൽ സംഘടിപ്പിച്ചത്. ഫോക്ലോർ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
മഞ്ഞളും അരിപ്പൊടിയും ചേർത്ത മിശ്രിതംകൊണ്ട് പരുത്തിത്തുണിയിൽ മ്ലാവേലി വായനയ്ക്കുള്ള ചിത്രങ്ങൾ വരയ്ക്കും. നൂറിലധികം ചിത്രങ്ങളുണ്ടാകും. ഓരോ ചിത്രത്തിലും ഒളിഞ്ഞിരിക്കുന്ന ഒരുപാട് കഥകൾ ചെറിയവടി ചൂണ്ടി പ്രത്യേക ഈണത്തിൽ പറയുന്നതാണ് രീതി. കൃഷി, കാലിവളർത്തൽ, ദാനം എന്നിവയാണ് വായനയിലെ പ്രമേയം. പാട്ടുരൂപത്തിലാണ് കഥകൾ വിശദീകരിക്കുന്നത്. ഏകദേശം അരമണിക്കൂറാണ് വായനയ്ക്ക് വേണ്ടിവരുന്ന സമയം. വായനവേളയിൽ കുടുംബങ്ങളിൽനിന്നുകിട്ടുന്ന ദക്ഷിണയാണ് കലാകാരന്മാരുടെ വരുമാനം. വളരെ കുറച്ചുപേർമാത്രമാണ് ഇൗ മേഖലയിലുള്ളത്. കോലഞ്ചേരി പട്ടിമറ്റം സ്വദേശി കെ കെ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളേജിൽ പരിപാടി അവതരിപ്പിച്ചത്. ഫോക് ലാൻഡ് ചെയർമാൻ ഡോ. വി ജയരാജൻ ഉദ്ഘാടനംചെയ്തു. മലയാളം വിഭാഗം മേധാവി -ഡോ. സുമി ജോയ് ഒലിയപ്പുറം അധ്യക്ഷയായി. ചലച്ചിത്രനിരൂപകൻ മധു ഇറവങ്കര, ഡോ. മഞ്ജു വി മധു, ആര്യ അരവിന്ദ് എന്നിവർ സംസാരിച്ചു.









0 comments