ad
Deshabhimani

ദുരിതപ്പെയ്‌ത്ത്‌; കടലേറ്റം

Flash Flood

കുടമുണ്ട പാലം പൂർണ്ണമായും 
വെള്ളത്തിനടിയിൽ. അപ്രോച്ച് റോഡ് പൂർത്തിയാകാത്തതിനാൽ തുറന്നു നൽകാത്ത പുതിയ പാലം സമീപത്ത്‌

വെബ് ഡെസ്ക്

Published on Aug 02, 2026, 01:21 AM | 2 min read

കൊച്ചി

ജില്ലയില്‍ ശനിയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ വിവിധ ഭാഗങ്ങളില്‍ കനത്തനാശം. നിരവധി വീടുകളിൽ വെള്ളം കയറി. ആദിവാസി ഉന്നതികൾ ഒറ്റപ്പെട്ടു. ദുരിതാശ്വാസക്യാന്പുകൾ തുറന്നു. നദികളിൽ ജലനിരപ്പ്‌ അപകടനില പിന്നിട്ടു. കടലാക്രമണവും രൂക്ഷമായി.പൂയംകുട്ടിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ബ്ലാവനയിൽ വെള്ളം ഉയർന്ന് ജങ്കാർ സർവീസ് നിലച്ചതോടെ കല്ലേലിമേട്, മണികണ്ഠന്‍ചാല്‍ ഉള്‍പ്പെടെ നിരവധി ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു.


കുട്ടമ്പുഴ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് അതിശക്തമായ നീരൊഴുക്കില്‍ മുങ്ങി. ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര ഉന്നതികളും മലയോര ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഉരുളൻതണ്ണിയിൽ വീടുകളുടെ മുറ്റംവരെ വെള്ളം എത്തി. റോഡുകള്‍ മുങ്ങിയതോടെ കോതമംഗലത്തിന്റെ കിഴക്കന്‍ ഭാഗത്ത് ഗതാഗതം ഭാഗികമായി നിലച്ചു. ഉരുളന്‍തണ്ണിയില്‍ അങ്കണവാടിയുടെ മുറ്റവും മതിലും ഇടിഞ്ഞുവീണു. അട്ടിക്കളത്ത് വീടുകളിലും പറമ്പുകളിലും വെള്ളം കയറി.


വീടുകൾ 
വെള്ളത്തിൽ

കോതയാർ കരകവിഞ്ഞ് പല്ലാരിമംഗലം പഞ്ചായത്തിലെ 12 വീടുകളിലും കാളിയാർ കരകവിഞ്ഞ് പൈങ്ങോട്ടൂരില്‍ രണ്ടും പോത്താനിക്കാട് രണ്ടും പല്ലാരിമംഗലത്ത് 20 വീടുകളിലും വെള്ളം കയറി. മൂവാറ്റുപുഴയിൽ മണ്ണിടിഞ്ഞ് വീണ് ഒരുവീടിന് നാശമുണ്ടായി. മൂവാറ്റുപുഴ നഗരസഭയിലെ 35 വീടുകളിൽ വെള്ളം കയറി. മഞ്ഞള്ളൂർ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിൽ പിരളിമറ്റം നെടുമല ഭാഗത്ത് പഞ്ചായത്ത് മുൻ അംഗം കാണാംകാവിൽ അനിത റെജിയുടെ വീട്ടിലേയ്ക്ക് മണ്ണിടിഞ്ഞുവീണ് നാശമുണ്ടായി. സമീപത്തെ കൊത്തളത്തിൽ കെ വി സോമന്റെ വീട്ടിലേക്കും മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് വെള്ളം കുത്തി ഒഴുകി മരങ്ങളും വീണു. മാറാടി, വാളകം പഞ്ചായത്തുകളിലും, മൂവാറ്റുപുഴ നഗരസഭ പ്രദേശത്തെ താഴ്‌ന്നഭാഗങ്ങളിലും വെള്ളം കയറി. ആലുവ ശിവരാത്രി മണപ്പുറം ക്ഷേത്രം പൂര്‍ണമായി മുങ്ങി. കൊട്ടാരക്കടവില്‍നിന്ന്‌ നടപ്പാലത്തിലേക്കുള്ള പ്രവേശം പൊലീസ് തടഞ്ഞു. കാലടിയിൽ പുഴയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം മുങ്ങി. വൈപ്പിൻകരയിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.


​​കടലാക്രമണം രൂക്ഷം, 300 വീടുകളിൽ 
വെള്ളം കയറി

കണ്ണമാലിയിൽ കടലാക്രമണം രൂക്ഷം. ടെട്രാപോഡ് കടൽഭിത്തി ഇല്ലാത്തയിടങ്ങളിലാണ്‌ കനത്തനാശം. തീര പ്രദേശത്തെ മുന്നൂറോളം വീടുകളിൽ വെള്ളം കയറി. താൽക്കാലികമായി സ്ഥാപിച്ച ജിയോട്യൂബുകൾ തകർന്നു. ഗതാഗതം തടസപ്പെട്ടു. പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് പ്രദേശത്ത് തീരദേശ റോഡിൽ കടൽവെള്ളം കയറി.


​അണക്കെട്ടുകൾ 
തുറന്നു

ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളിൽ 14 എണ്ണം തുറന്നു. ഇടമലയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ ശനി വൈകിട്ട് 4 മുതൽ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തി.


​ജലനിരപ്പ്‌ ഉയരുന്നു

തൊടുപുഴ, മൂവാറ്റുപുഴ, ആലുവ നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്‌. നദീതീരത്ത് ജാഗ്രതാ നിർദേശം നല്‍കി. കോതയാറിനു കുറുകെയുള്ള കുടമുണ്ട പാലം, മണിക്കിണർ പാലം എന്നിവ വെള്ളത്തിനടിയിലായി. കാളിയാർ പുഴയ്ക്ക് കുറുകെയുള്ള കടവൂർ പരിതപ്പുഴ പാലത്തിലും വെള്ളം കയറി. തലക്കോട് - മുള്ളരിങ്ങാട് റോഡ് വെള്ളത്തിനിടയിലായി.


​വിനോദസഞ്ചാരത്തിന് വിലക്ക്

കനത്തമഴ തുടരുന്നതിനാല്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഡിടിപിസി വിലക്കി. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോരത്തേക്കും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ബീച്ചുകളിലേക്കും വിനോദസഞ്ചാരത്തിനായി പ്രവേശിക്കരുത്.


ദുരിതാശ്വാസ 
ക്യാമ്പുകള്‍ തുറന്നു

മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 27 കുടുംബങ്ങളിലെ 78 പേരെ മാറ്റിപ്പാർപ്പിച്ചു. വെള്ളൂർകുന്നം കടാതി സൺ‌ഡേ സ്കൂൾ, വെള്ളൂർകുന്നം ടൗൺ യുപി സ്കൂൾ, വെള്ളൂർകുന്നം വാഴപ്പിള്ളി ജെബിഎസ്, മൂവാറ്റുപുഴ എസ്എബിടിഎം സ്കൂൾ, നേര്യമംഗലം ഗവ. ഹൈസ്കൂൾ, നീണ്ടപാറ ഗവ. എൽപി സ്കൂൾ, കുട്ടമ്പുഴ ഗവ. എൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ്‌ ക്യാന്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home