ട്രെയിനിൽ അഞ്ചുവയസ്സുകാരൻ ഒറ്റയ്‌ക്ക്; രക്ഷകനായി പ്രതീഷ്

ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ എൻ എം പ്രതീഷ് കുട്ടിക്കൊപ്പം ജനശതാബ്ദി എക്സ്പ്രസില്‍
കൊച്ചി
മാതാപിതാക്കളില്‍നിന്ന് വേര്‍പെട്ട് ട്രെയിനില്‍ അകപ്പെട്ടുപോയ ആലപ്പുഴ സ്വദേശിയായ അഞ്ചുവയസ്സുകാരന് രക്ഷകനായി എറണാകുളം സൗത്ത് റെയില്‍വേ സ്ലീപ്പര്‍ ഡിപ്പോ ഉദ്യോഗസ്ഥന്‍ എന്‍ എം പ്രതീഷ്. ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടറായ ഇദ്ദേഹം തിങ്കള്‍ പകല്‍ 1.45ന് കോഴിക്കോട്–എറണാകുളം ജനശതാബ്ദി എക്സ്പ്രസിൽ ഡ്യൂട്ടി ആരംഭിച്ചപ്പോഴാണ് സംഭവം. കോഴിക്കോടുനിന്ന് പുറപ്പെട്ട ട്രെയിനിലെ ഡി 8 കോച്ചിലേക്ക് പ്രതീഷെത്തിയപ്പോള്‍ ഒരു ചെറിയകുട്ടി ഒറ്റയ്ക്ക് വാതിലിനരികില്‍ നില്‍ക്കുന്നതായി യാത്രക്കാരിലൊരാള്‍ ശ്രദ്ധയില്‍പ്പെടുത്തി.
കുട്ടിയോട് കാര്യം തിരക്കിയെങ്കിലും "നായക്' എന്നൊരു പേരല്ലാതെ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അന്വേഷണത്തില്‍, കോഴിക്കോട് സ്റ്റേഷനില്‍വച്ച് മാതാപിതാക്കളില്‍നിന്ന് വേര്‍പെട്ട കുട്ടി ട്രെയിനില്‍ കയറിപ്പറ്റിയതാണെന്ന് ബോധ്യപ്പെട്ടു. കാര്യങ്ങള്‍ തിരക്കുന്നതിനിടെ കരച്ചിലായെങ്കിലും ഐസ്ക്രീം കിട്ടിയതോടെ പുഞ്ചിരിയായി.
കുട്ടിയെ ആശ്വസിപ്പിച്ച പ്രതീഷ്, കൊമേഴ്സ്യൽ കൺട്രോളിലേക്ക് സന്ദേശം നല്‍കി. അതുപ്രകാരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്മെന്റ് നല്‍കി. തുടര്‍ന്ന്, കുട്ടിയുടെ മാതാപിതാക്കള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെത്തി. ട്രെയിനിന്റെ അടുത്ത സ്റ്റോപ്പായ തിരൂരില്‍വച്ച് ആര്‍പിഎഫിന് കുട്ടിയെ കൈമാറാന്‍ പ്രതീഷിന് സന്ദേശമെത്തി. 2.20ന് ട്രെയിന്‍ തിരൂരിലെത്തിയപ്പോള്‍ സീനിയര്‍ ടിസിടിസി (കൊമേഴ്സ്യല്‍ കം ടിക്കറ്റ് ചെക്കര്‍) സനല്‍ തോമസും പ്രതീഷും ചേര്‍ന്ന് കുട്ടിയെ അധികൃതര്‍ക്ക് കൈമാറി. അടുത്ത ട്രെയിനില്‍ ഇവിടെയെത്തിയ മാതാപിതാക്കള്‍ കുട്ടിയെ ഏറ്റുവാങ്ങി. 19 വര്‍ഷമായി റെയില്‍വേ സര്‍വീസിലുള്ള എന്‍ എം പ്രതീഷ് തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ്.
വിവരമറിയിക്കാം രക്ഷിക്കാം
ട്രെയിന്‍ യാത്രയ്ക്കിടെ അടിയന്തര സാഹചര്യമുണ്ടായാല്‍ 139 (റെയില്‍ മദദ്) എന്ന നമ്പറില്‍ ആര്‍പിഎഫിനെ ബന്ധപ്പെടാം. ട്രെയിനിലോ റെയിൽവേ സ്റ്റേഷനിലോ കുട്ടികളെ കാണാതായാൽ, ഒറ്റപ്പെട്ടനിലയിൽ ഏതെങ്കിലും കുട്ടിയെ കണ്ടാൽ 1098 (ചൈല്‍ഡ് ലൈന്‍) നമ്പറില്‍ വിവരം അറിയിക്കാം. അടിയന്തര സുരക്ഷാ സഹായത്തിന് 1512 (റെയിൽവേ പൊലീസ്) നമ്പറില്‍ വിളിക്കാം.









0 comments