ഫ്രീസറുകൾ പ്രവർത്തിക്കാതെയായിട്ട് 14 ദിവസം
മരിച്ചാലും സ്വസ്ഥത തരാതെ ആരോഗ്യവകുപ്പ്

വൈക്കം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തനരഹിതമായിട്ടും ഇടപെടാതെ ആരോഗ്യ വകുപ്പും നഗരസഭയും. 13 ദിവസമായി മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തനരഹിതമായിട്ടും തകരാറുകൾ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞില്ല. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ട ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പോലും നഗരസഭ രൂപീകരിച്ചിട്ടില്ല. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വലിയ വീഴ്ചയാണ് നഗരസഭക്കുണ്ടായത്. ജില്ലയില്‍ കൂടുതല്‍ അപകട മരണങ്ങള്‍ സംഭവിക്കുന്ന പ്രദേശം കൂടിയാണ് വൈക്കം. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനും പോസ്റ്റ് മോര്‍ട്ടത്തിനുമായി ജനങ്ങള്‍ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയാണ്. നാല് ഫ്രീസറുകളാണ് ഇവിടെയുള്ളത്. ഫ്രീസറിന്റെ കൂളിങ് ഭാഗത്തെ കോയിലുകള്‍ തുരുമ്പ് പിടിച്ച് പോയതാണ് ഫ്രീസറുകള്‍ തകരാറിലാകാന്‍ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഫ്രീസർ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഇനിയും സമയം വേണ്ടിവരുമെന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്. ഫ്രീസർ സൗകര്യം ലഭ്യമല്ലാത്തതിനാൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റേണ്ട സാഹചര്യമാണ്. എച്ച്എംസി രൂപീകരിക്കാത്തത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഫ്രീസർ പ്രവർത്തനസജ്ജമാക്കാത്തതിലും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ സർക്കാരും നഗരസഭയും നടപടിയെടുക്കാത്തതിലും ജനങ്ങൾ പ്രതിഷേധത്തിലാണ്.









0 comments