ഉച്ചഭക്ഷണം നൽകാൻ അധ്യാപകർ നെട്ടോട്ടത്തിൽ
കുട്ടികളുടെ കഞ്ഞികുടി മുട്ടും

കോട്ടയം സെർവർ തകരാർ, വിലക്കയറ്റം, ബില്ല് മാറാൻ ട്രഷറിയിൽ കയറിയിറക്കം. ജില്ലയിൽ സ്‌കൂൾ വിദ്യർഥികൾക്കുള്ള ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയിൽ. കുട്ടികൾക്ക് കൃത്യമായി ഉച്ചഭക്ഷണം നൽകാനുള്ള നെട്ടോട്ടത്തിലാണ് അധ്യാപകർ. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് ഇനിയും പരിഹാരം കാണാൻ സർക്കാരിനാകുന്നില്ല. ഫണ്ട് വിതരണം ട്രഷറി വഴിയാക്കാൻ ബിഐഎംഎസ് (ബിൽ ഇർഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം) സംവിധാനം ഏർപ്പെടുത്തിയതോടെ ജില്ലയിലെ സ്കൂളുകളിൽ പദ്ധതി താളംതെറ്റി. വർഷങ്ങളായി ബാങ്ക് മുഖേന സ്കൂൾ അധികൃതർ നേരിട്ട് ഉച്ചഭക്ഷണ ഫണ്ട് കൈപ്പറ്റിയിരുന്ന രീതി ഉപേക്ഷിച്ച് ബിഐഎംഎസ് മുഖേന ട്രഷറി വഴിയാണ് വിതരണം. ബില്ലുകൾ ട്രഷറിയിൽനിന്ന് പരിശോധിച്ച് തുക ഉപജില്ലകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. എന്തെങ്കിലും സാങ്കേതിക കാരണത്താൽ ട്രഷറിയിൽ ബില്ല് നിരസിച്ചാൽ പ്രധാനാധ്യാപകർ ഇതിനായി കയറിയിറങ്ങേണ്ട അവസ്ഥയാണ്. പദ്ധതിയുടെ ഭാഗമായി ഫണ്ടുകളുടെ വിതരണം കൃത്യമായി ലഭ്യമാകുന്നില്ലെന്നും പ്രധാനാധ്യാപകർ പറയുന്നു. സെപ്‌തംബർ മാസത്തെ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ അധ്യാപകർ സ്വന്തം പണമെടുത്ത് സാധനങ്ങൾ വാങ്ങേണ്ട ഗതികേടിലാണ്. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുകയ്ക്ക് പുറമെ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന സപ്ലിമെന്ററി ന്യൂട്രീഷ്യൻ പദ്ധതിയുടെ വിതരണവും പൂർണമായി തടസപ്പെടുന്ന അവസ്ഥയാണ്. ഉച്ചഭക്ഷണ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാർ വിഹിതവും 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണ്. പോഷകാഹാര പദ്ധതിയിലെ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് അനുവദിക്കുന്നത്. കേന്ദ്ര ഫണ്ട് മുടങ്ങിയാലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ തനത് ഫണ്ട് കണ്ടെത്തി തുക നൽകിയിരുന്നു. യുഡിഎഫ് സർക്കാർ അതിനും തയ്യാറല്ല.









0 comments