ആംസ്‌റ്റർ തട്ടിപ്പ്: ഓഫീസിൽ ഇരകളുടെ പ്രതിഷേധം

ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസിന്റെ ഇടപ്പള്ളി ഓഫീസിൽ പ്രതിഷേധിച്ചവർ കമ്പനി പലതവണയായി പണം തിരികെ നൽകുമെന്നുകാണിച്ചു നൽകിയ ഇ മെയിലുകൾ പാലാരിവട്ടം എസ്ഐ നിജിൻ പോളിനെ കാണിക്കുന്നു
കൊച്ചി
വിദേശജോലി വാഗ്‌ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് ഓഫീസിൽ ഇരകളുടെ പ്രതിഷേധം. പണം നൽകി വഞ്ചിതരായ നാനൂറോളം ഉദ്യോഗാർഥികളാണ് തുക മടക്കിനൽകണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾ പ്രതിഷേധിച്ചത്.
തട്ടിപ്പുകേസിൽ സ്ഥാപനത്തിന്റെ സിഇഒ പാര്‍വതി മായ ഷാജി കഴിഞ്ഞദിവസം അറസ്‌റ്റിലായിരുന്നു. ഇവർക്ക് തിങ്കളാഴ്‌ച കോടതി ജാമ്യം അനുവദിച്ചു. കൂടുതൽ പരാതികളും പൊലീസിൽ എത്തി. തുടർന്നാണ് കബളിപ്പിക്കപ്പെട്ടവർ പണം മടക്കിനൽകണമെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളിയിലെ ഓഫീസിലെത്തി പ്രതിഷേധിച്ചത്. 10 വർഷമായിട്ടും വാഗ്‌ദാനംചെയ്‌ത ജോലിയോ, നൽകിയ പണമോ ലഭിക്കാതെ കാത്തിരിക്കുന്നവർ ഇക്കൂട്ടത്തിലുണ്ടായി. കന്പനി പ്രതിനിധികൾ പണം മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട് വിവിധമാർഗങ്ങൾ മുന്നോട്ടുവച്ചു.
എന്നാൽ, നേരത്തേയും സമാനവാഗ്‌ദാനം നൽകി പറ്റിക്കുകയായിരുന്നുവെന്നും ഇത്തവണ അതംഗീകരിക്കാൻ കഴിയില്ലെന്നും ഉദ്യോഗാർഥികൾ ഉറച്ചനിലപാടെടുത്തു. കന്പനിപ്രതിനിധികളെ പുറത്തേക്കുവിടാതെ പ്രതിഷേധം കടുപ്പിച്ചു. ഇതോടെയാണ് ഏറെ വൈകി പൊലീസ് സ്ഥലത്ത് എത്താൻ തയ്യാറായത്. ചർച്ചകൾക്കുശേഷം ഉദ്യോഗാർഥികളും കന്പനി പ്രതിനിധികളും പിന്നീട് പാലാരിവട്ടം സ്‌റ്റേഷനിൽ എത്തി. പണം നൽകാമെന്ന് കന്പനി പ്രതിനിധികൾ പ്രൊമിസറി നോട്ട് നൽകി.
സിപിഐ എം ഇടപ്പള്ളി ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ, ഡിവൈഎഫ്‌ഐ തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് എൻ എസ് ഭാഗ്യലക്ഷ്‌മി, ട്രഷറർ കെ ഡി ധനീഷ് എന്നിവർ സ്ഥലത്തെത്തി.









0 comments