വള്ളം പിടിച്ചെടുത്തു; തൊഴിലാളികൾ അഴിമുഖം ഉപരോധിച്ചു

ഫിഷറീസ് പിടിച്ചെടുത്ത മത്സ്യബന്ധന വള്ളം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് വ്യാഴം രാവിലെ മത്സ്യത്തൊഴിിലാളികൾ തുറമുഖത്ത് വള്ളം കെട്ടിയിട്ട് ഉപരോധിക്കുന്നു
വൈപ്പിൻ
ഇൗ വർഷം ലൈസൻസ് പുതുക്കാതിരുന്ന ചെല്ലാനത്തുനിന്നുള്ള ‘ജപമാല’ എന്ന മത്സ്യബന്ധനവള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുക്കുകയും രണ്ടരലക്ഷം രൂപ പിഴയിടുകയും ചെയ്‌തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ നിരത്തി കൊച്ചി അഴിമുഖത്ത് ഉപരോധം തീർത്തു. ഇതോടെ റോ റോ ജങ്കാർ സർവീസ് മുടങ്ങി. ബുധനാഴ്‌ചയാണ് ഫിഷറീസ് അസി. ഡയറക്‌ടറുടെ ഉത്തരവിനെത്തുടർന്നാണ് വള്ളം പിടിച്ചെടുത്തത്. ലൈസൻസ് പുതുക്കാൻ തയ്യാറായെങ്കിലും എഡി വള്ളം വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ വ്യാഴം രാവിലെമുതൽ അഴിമുഖത്ത് ഉപരോധം തീർക്കുകയായിരുന്നു.
ഇതേത്തുടർന്ന് വൈപ്പിൻ ജെട്ടിയിലെ ഫിഷറീസ് ഓഫീസിൽ നടന്ന ചർച്ചയിൽ ലൈസൻസ് പുതുക്കാനായി വള്ളം ഉടമകൾ 25,000 രൂപ അടച്ചു. ഇതോടെ പിഴ ഒഴിവാക്കി വള്ളം വിട്ടുകൊടുത്തതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പി ജി ജയകുമാർ (സിഐടിയു), പി വി ജയൻ (പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം
നിയമം നടപ്പാക്കുമ്പോൾതന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് അധികൃതർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി ആവശ്യപ്പെട്ടു.
വള്ളം പിടിച്ചെടുത്ത് പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകിയത് ഒഴിവാക്കേണ്ടതായിരുന്നു. കപ്പൽ അപകടത്തെ തുടർന്നുണ്ടായ സാഹചര്യവും പ്രതികൂല കാലാവസ്ഥയുംമൂലം കടലിൽ പോയാൽ മീൻ ലഭിക്കുന്നത് കുറവാണ്. ട്രോളിങ് നിരോധന കാലയളവിൽപ്പോലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കാര്യമായി ചരക്ക് ലഭിച്ചില്ല. ലക്ഷങ്ങളുടെ ബാധ്യതയിലാണ് തൊളിലാളികൾ മുന്നോട്ടുപോകുന്നത്. കലക്ടർ ഇടപെട്ട് പ്രശ്നം പരിഹരിച്ചത് യൂണിയൻ സ്വാഗതം ചെയ്യുന്നു. തൊഴിലാളിവിരുദ്ധ നിലപാടുകൾ സ്വീകരിച്ചാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments