കായൽ നിറഞ്ഞ് കുളവാഴ; മീൻപിടിത്തക്കാർ ദുരിതത്തിൽ

പെരുമ്പടപ്പ് കായൽ പരപ്പിൽ കുളവാഴ പായൽ നിറഞ്ഞപ്പോൾ
പള്ളുരുത്തി
ഉൾനാടൻ കായൽ പരപ്പിലും വേമ്പനാട്ടുകായലിലും തിങ്ങിനിറഞ്ഞ് കുളവാഴ പായൽ. കായലിൽ ഉപ്പുരസം മാറി നല്ല വെള്ളമെത്തിയതാണ് കുളവാഴ പായൽ വർധിക്കാൻ കാരണം. ഒരുമാസം മുന്പ് ചെറിയ തോതിൽ എത്തിത്തുടങ്ങിയ കുളവാഴ പായൽ ഇപ്പോൾ കായൽ മുഴുവൻ നിറഞ്ഞ നിലയിലാണ്.
ഇതോടെ കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ വലയിടാൻ കഴിയാതെ ദുരിതത്തിലായി. കായലിൽ നീട്ടിയിരിക്കുന്ന വല പായൽ ഒഴുക്കി കൊണ്ടു പോകുന്ന സാഹചര്യമാണ്. കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, കോണം, ചിറക്കൽ കായലുകളിൽ പായലുകൾ തിങ്ങിനിറഞ്ഞു. പായൽ ശല്യം മൂലം കരയിൽ നിന്ന് വഞ്ചി ഇറക്കാൻ കഴിയുന്നില്ല. ഊന്നി വല, ചീനവല, നീട്ടുവല, ചെമ്മീൻവല, വീശുവല എന്നിവ ഉപയോഗിച്ചുള്ള മീൻപിടുത്തവും മുടങ്ങി.
മത്സ്യലഭ്യത കുറവുമൂലം ദുരിതമനുഭവിക്കുന്ന പരമ്പരാഗത തൊഴിലാളി സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് പായൽ ശല്യം . കായൽ വെള്ളത്തിൽ ഉപ്പ് വരുന്നതോടെ പായൽകൂട്ടം ചീഞ്ഞടിയും പിന്നീട് ചീഞ്ഞ പായലുകൾ അടിപായലുകളായി തൊഴിലാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതു മൂലം തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായമെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.









0 comments