ഉൗത്ത പിടിക്കല്ലേ; ഉള്ളിൽപ്പോകും

കൊച്ചി
ഊത്തപിടിത്തത്തിനെതിരെ നടപടികൾ ശക്തമാക്കി ഫിഷറീസ്. മീനുകളുടെ പ്രജനന കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിലെ ഊത്തപിടിത്തം തടയാൻ ജില്ലയിലുടനീളം പട്രോളിങ് ശക്തമാക്കി. കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമപ്രകാരമാണ് മീനുകളുടെ മുട്ടയിടൽകാലത്ത് നടത്തുന്ന ഊത്തപിടിത്തം നിരോധിച്ചിരിക്കുന്നത്.
വെള്ളമൊഴുകുന്ന വഴിയിൽ തടസ്സംവരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് വംശനാശത്തിന് കാരണമാകും. നിയമം ലംഘിച്ച് ഊത്തപിടിത്തം നടത്തുന്നവർക്കെതിരെ ആറുമാസംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അടക്കംകൊല്ലി വലകൾ ഉപയോഗിച്ചുള്ള മീൻപിടിത്തം, 20 മില്ലീമീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകളുടെ ഉപയോഗം, വൈദ്യുതി കടത്തിവിട്ടുള്ള മീൻപിടിത്തം, തോട്ട പൊട്ടിക്കൽ, വിഷംകലക്കൽ തുടങ്ങിയ എല്ലാവിധ ഊത്തപിടിത്ത രീതികൾക്കും നിരോധനം ബാധകമാണ്. ജില്ലയിലെ ജലാശയങ്ങളിൽ എവിടെയെങ്കിലും ഊത്തപിടിത്തം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ തൊട്ടടുത്തുള്ള മത്സ്യഭവനുകളിലോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
ആറുമാസംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും










0 comments