21,000 കിലോ ചെറുമീനുമായി ബോട്ട് പിടിയിൽ

ചെറുമീനുമായി മുനന്പം ഹാർബറിൽ എത്തിയ ട്രോൾ ബോട്ടും ഹാർബറിൽ ഇറക്കിവച്ച ചെറുമീനും
വൈപ്പിൻ
മുനമ്പം ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 21,000 കിലോ ചെറുമീൻ പിടികൂടി. 4.5 സെന്റിമീറ്റർ മാത്രം വലിപ്പമുള്ള കിളിമീൻ, ഉലുവാച്ചി തുടങ്ങിയ മീൻകുഞ്ഞുങ്ങളുമായി മുനന്പം ഹാർബറിൽ എത്തിയ ഗെലാറ്റിയാസ് എന്ന ട്രോൾ ബോട്ടാണ് പിടിയിലായത്. ഇൗ ബോട്ടിന് ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷൻ ഇല്ല. പിടിയിലായ ബോട്ടിന് രണ്ടരലക്ഷം രൂപ പിഴയിട്ടു.
വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം എം ജിബിനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ചൊവ്വ രാവിലെ പത്തോടെയാണ് പരിശോധന ആരംഭിച്ചത്. മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് ഗാർഡ് യു എ റോയ്, സീ റെസ്‌ക്യൂ ഗാർഡുമാരായ ജിപ്സൺ റോച്ച, എ എൻ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിഴത്തുക അടക്കമുള്ള തുടർനടപടികൾ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി സിന്ധു സ്വീകരിക്കും. പരിശോധന തുടരുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.










0 comments