ad
Deshabhimani

നടപടിയെ പുച്ഛിച്ച് തള്ളി രമ്യ ഹരിദാസ്; പ്രദീപിനെ പിഎ ആക്കാൻ കത്ത് നൽകി

Ramya haridas

രമ്യ ഹരിദാസ്

വെബ് ഡെസ്ക്

Published on Sep 07, 2026, 07:44 PM | 1 min read

തിരുവനന്തപുരം: പാർടി നടപടികൾക്ക് പുല്ലുവില കൽപിച്ച് എംഎൽഎ രമ്യ ഹരിദാസ്. സന്തത സഹചാരിയായ പാളയം പ്രദീപിനെ അഡീഷണൽ പിഎയായി നിയമിക്കുന്നതിനായി കത്ത് നൽകി. ചിറയൻകീഴിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിലടിയെ തുടർന്ന് പ്രദീപിനെ പാർടി അം​ഗത്വത്തിൽ നിന്ന് കഴിഞ്ഞ​ദിവസം കെപിസിസി പുറത്താക്കിയിരുന്നു. അതിന്റെ അടുത്ത ദിവസമാണ് പ്രദീപിന്റെ പേഴ്സണൽ സ്റ്റാഫ് അം​ഗമാക്കുന്നതിന് രമ്യ വഴിവിട്ട നീക്കം നടത്തിയത്.


മുൻകാല പ്രാബല്യത്തോടെ സ്റ്റാഫിൽ നിയമിക്കണമെന്നാണ് സ്പീക്കർക്ക് നൽകിയ കത്തിലെ ആവശ്യം. ഇത് പ്രദീപിന് നാല് മാസത്തെ ശമ്പളം കൂടി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ കൂടിയായിരുന്നു. രമ്യ ഹരിദാസ് കത്ത് നൽകിയത് ഇന്നാണെങ്കിലും പഴയ തീയതിയിലാണ് കത്ത് നൽകിയത്. ഇതോടെ സ്പീക്കർ കത്ത് മടക്കി അയക്കുകയായിരുന്നു. ചിറയിൻകീഴ് സംഘർഷത്തിന് മുൻപാണ് കത്ത് നൽകിയതെന്ന് വരുത്തി തീർക്കുക എന്നതായിരുന്നു എംഎൽഎയുടെ ഈ നീക്കത്തിന് പിന്നിൽ.


മണ്ഡലത്തെ കുറിച്ച് അറിയുന്ന ആളുകൾ വേണമെന്നായിരുന്നു രമ്യ ഹരിദാസ് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. എന്നാൽ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന രണ്ടുപേരിൽ ഒരാൾ കോഴിക്കോട് സ്വദേശിയായ കുഞ്ഞുമുഹമ്മദും മറ്റൊന്ന് പാലക്കാട് സ്വദേശിയായ പാളയം പ്രദീപും ആണ്. ഇവർ മണ്ഡലത്തെ കുറിച്ച് അറിവുള്ളവരല്ലെന്ന് കത്തിൽ വ്യക്തമാണ്.


ചിറയൻകീഴിലെ സംഘർഷം അന്വേഷിക്കാൻ എം എം ഹസൻ അധ്യക്ഷനായ മൂന്നം​ഗ സമിതിയെ കെപിസിസി നിയോ​ഗിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടതോടെയാണ് പാളയം പ്രദീപിനെ പാർടി അം​ഗത്വത്തിൽ നിന്നും നീക്കിയത്. സമിതിയുടെ റിപ്പോർട് വരാനിരിക്കെ പ്രദീപിനായി ഇടപെടൽ നടത്തിയത് കെപിസിസി നിയോ​ഗിച്ച സമിതിക്കും രമ്യ ഹരിദാസ് നൽകുന്ന പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home