ഹോർമുസിൽ നിയന്ത്രിത മേഖല പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ

photo credit: AFP
തെഹ്റാൻ : യുഎസിന്റെ പുതിയ ആക്രമണത്തിനും സംഘർഷത്തിനും പിന്നാലെ ഹോർമുസിൽ നിയന്ത്രിത മേഖല (restricted zone) പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ കടലിടുക്കിന് സമീപം ഒരു പുതിയ നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഏജൻസിയായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
യുഎസ് നാവിക ഉപരോധരേഖയിൽ നിന്ന് ഹോർമുസിലേക്കും ഗൾഫിന്റെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതാണ് മേഖല. അനുമതിയില്ലാതെ പുതിയ നിയന്ത്രിത മേഖലയിലൂടെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ഇറാന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. മേഖലയുടെ കൃത്യമായ പരിധിയും അത് എങ്ങനെ നടപ്പാക്കുമെന്നതും വ്യക്തമാക്കിയിട്ടില്ല.
ഇറാനും ഒമാനും ചേർന്ന് ഹോർമുസിലൂടെ പുതിയ അന്താരാഷ്ട്ര കപ്പൽപാത രൂപപ്പെടുത്താനും ധാരണയിലെത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്തിമ അംഗീകാരം ലഭിക്കാനുള്ള ഘട്ടത്തിലാണ് പദ്ധതി. അതേസമയം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതം മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് മൂന്ന് ഇറാനിയൻ എണ്ണ ടാങ്കറുകളെ ആക്രമിച്ചിരുന്നു. ഇറാൻ യുഎസ് യുദ്ധക്കപ്പലുകളിലേക്കു ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെ ഹോർമുസ് വീണ്ടും സംഘർഷഭരിതമായി മാറി.









0 comments