കെസിഎൽ ആവേശം; ആരാധകർക്ക് നന്ദി അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ 3ന്റെ വിജയത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് നന്ദി അറിയിച്ച് കെസിഎ. മികച്ച ജനപങ്കാളിത്തമാണ് ഇത്തവണ കെസിഎല്ലിന് ലഭിച്ചത്. ഫൈനൽ പോരാട്ടം നേരിൽ കാണാൻ 28,000ത്തിലധികം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. കാണികൾ ടൂർണമെന്റിന് നൽകിയ പിന്തുണയ്ക്ക് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ നന്ദി പറഞ്ഞു.
ഫ്രാഞ്ചൈസികൾക്കും ലീഗിനുമായി നിരവധി പുതിയ ബ്രാൻഡുകളാണ് ഇത്തവണ പരസ്യങ്ങളുമായി എത്തിയത്. ടൂർണമെന്റിന്റെ വൻ വിജയത്തെ തുടർന്ന് അടുത്ത സീസണിലേക്കായി പുതിയ സ്പോൺസർമാർ കെസിഎയെ സമീപിച്ചു തുടങ്ങിയതും ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ കെസിഎല്ലിന് കഴിഞ്ഞുവെന്നതിൻ്റെ തെളിവാണെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.
മൂന്നാം സീസണിന് മുന്നോടിയായി കെസിഎ വിഭാവനം ചെയ്ത 'കെസിഎൽ ഫാൻ ലീഗ്' വൻ വിജയമായിരുന്നു. വരും വർഷങ്ങളിൽ ഫാൻ ലീഗ് ഉൾപ്പെടെയുള്ള പദ്ധതികൾ വിപുലീകരിച്ച്, സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കൂടുതൽ ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കെസിഎൽ ആവേശം നേരിട്ടനുഭവിക്കാൻ അവസരമൊരുക്കും. ടൂർണമെന്റിന്റെ പ്രചാരണാർഥം ഒരുക്കിയ മോഹൻലാലും സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഫൈനൽ മത്സരം കാണാൻ സഞ്ജു സാംസൺ നേരിട്ടെത്തിയത് ആരാധകർക്ക് ഇരട്ടി മധുരമായി.









0 comments