ad
Deshabhimani

ഡൽഹി ദുരന്തം; ഭരണപരാജയം മറയ്ക്കാൻ ബിജെപി, കോർപ്പറേഷനെതിരെ വ്യാപക പ്രതിഷേധം

delhi satya niketan
വെബ് ഡെസ്ക്

Published on Sep 07, 2026, 06:31 PM | 2 min read

ന്യൂഡൽഹി: ഏഴ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ സത്യനികേതൻ കെട്ടിട ദുരന്തത്തിന് പിന്നാലെ, ഭരണപരാജയം മറച്ചുവെക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി. അഞ്ച് കീഴുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ജനരോഷത്തിൽ നിന്ന് തലയൂരാനാണ് ബിജെപി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (MCD) ശ്രമിക്കുന്നത്. എന്നാൽ, കൃത്യമായ മേൽനോട്ടമില്ലാതെ നഗരത്തിൽ അനധികൃത നിർമ്മാണങ്ങൾ പെരുകിയതിന് പിന്നിലെ രാഷ്ട്രീയ-ഭരണതല അഴിമതിയാണ് ഇപ്പോൾ പ്രധാന ചർച്ചയാകുന്നത്.


സത്യനികേതനിലെ ‘ഹോസ്റ്റൽ ഡേസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ബോയ്സ് പിജി കെട്ടിടമാണ് ഞായറാഴ്ച തകർന്നുവീണത്. അഞ്ച് നിലകളുള്ള കെട്ടിടം അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് നിലംപൊത്തിയത്. അപകടത്തിൽ ഏഴ് പേർ മരിച്ചു.


സർവകലാശാലകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾ സ്വകാര്യ പിജികളിൽ താമസിക്കുന്ന പ്രദേശമാണ് സത്യനികേതൻ. അവധി ദിവസമായതിനാൽ സമീപത്തെ പല വിദ്യാർഥികളും നാട്ടിലേക്ക് മടങ്ങിയിരുന്നതായും പ്രവൃത്തി ദിവസമായിരുന്നെങ്കിൽ മരണസംഖ്യ ഇനിയും ഉയരുമായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു.


ഏകദേശം 55 ചതുരശ്രയാർഡ് സ്ഥലത്തായിരുന്നു കെട്ടിടം നിർമിച്ചിരുന്നത്. ഒരു നിലയ്ക്ക് മാത്രം അനുമതിയുള്ള ഭൂമിയിലാണ് അഞ്ചുനില പിജി കെട്ടിടം പ്രവർത്തിച്ചിരുന്നത്. അപകടസാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിൽ കോർപ്പറേഷൻ തുടർച്ചയായി വരുത്തിയ വീഴ്ചയാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. അംഗീകൃത ബിൽഡിങ് പ്ലാനും ഉണ്ടായിരുന്നില്ലെന്ന് എംസിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമായിരുന്നു.


അപകടത്തിന് പിന്നാലെ പ്രദേശവാസികളും എംസിഡിക്കെതിരെ രംഗത്തെത്തി. കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിന് പകരം പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ പെയിന്റടിക്കുന്നതിലൊതുങ്ങുകയാണ് പല ഉടമകളും ചെയ്യുന്നതെന്നും, ഇത്തരം കെട്ടിടങ്ങളിൽ എംസിഡിയുടെ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.


അപകടത്തിന് തൊട്ടുതലേന്ന് സമീപത്തെ മറ്റൊരു കെട്ടിടത്തിന് നോട്ടിസ് നൽകിയ എംസിഡി, അപകടാവസ്ഥയിലായിരുന്ന ഈ കെട്ടിടം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സത്യനികേതനിലെ 13-ാം നമ്പർ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കാൻ എംസിഡി ഉത്തരവ് നൽകിയിരുന്നു. എന്നാൽ തകർന്നത് 14-ാം നമ്പർ കെട്ടിടമാണ്.


നായയെ നടത്തിക്കാൻ സ്റ്റേഡിയത്തിൽ നിന്ന് കായികതാരങ്ങളെ നേരത്തെ പുറത്താക്കിയെന്ന ആരോപണത്തെ തുടർന്ന് 2022ൽ വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഖിർവാറാണ് നിലവിൽ എംസിഡി കമ്മിഷണർ.


ഡൽഹി സംഭവത്തിന് പിന്നാലെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മിഷണർ രാകേഷ് കുമാർ, സൂപ്രണ്ടിങ് എൻജിനിയർ രൺവീർ സിങ്, എക്സിക്യൂട്ടീവ് എൻജിനിയർ ലളിത് കുമാർ ഗോയൽ, അസിസ്റ്റന്റ് എൻജിനിയർ സുനിൽ ചൗഹാൻ, ജൂനിയർ എൻജിനിയർ ആശിഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. താഴെത്തട്ടിലെ ഉദ്യോഗസ്ഥരിൽ മാത്രം നടപടിയൊതുക്കി യഥാർത്ഥ ഭരണ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഭരണസമിതി നീക്കം നടത്തുന്നതെന്ന വിമർശനവും ശക്തമാണ്.


കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ആർഎസ്എസ് ബന്ധമുള്ള എബിവിപിയും എംസിഡി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. 150 മുതൽ 200 വരെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. സ്വന്തം രാഷ്ട്രീയ നേതൃത്വത്തിലുള്ള കോർപ്പറേഷനിലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം കമ്മിഷണറിലേക്കും ചില ഉദ്യോഗസ്ഥരിലേക്കും മാത്രം ചുരുക്കാനുള്ള ശ്രമമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. 250 അംഗ എംസിഡിയിൽ നിലവിൽ ബിജെപിക്കാണ് ഭൂരിപക്ഷം. ബിജെപി കൗൺസിലർ പ്രവേഷ് വാഹിയാണ് മേയർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home