ഡൽഹി ദുരന്തത്തിന് പിന്നാലെ വ്യാപകമായി പിജികൾ ഒഴിഞ്ഞ് വിദ്യാർഥികൾ; മക്കളെ നാട്ടിലേക്ക് വിളിച്ച് മാതാപിതാക്കൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സത്യനികേതനിലെ അഞ്ചുനില പിജി കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിനുപിന്നാലെ പ്രദേശത്തെ സ്വകാര്യ പിജികൾ ഒഴിഞ്ഞ് ഡൽഹി സർവകലാശാല വിദ്യാർഥികൾ. അപകടത്തിന് ശേഷം സത്യനികേതനിലെ താമസം സുരക്ഷിതമല്ലെന്ന ആശങ്ക ശക്തമായതോടെ മാതാപിതാക്കൾ മക്കളെ നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില വിദ്യാർഥികൾ ഇതിനകം സാധനങ്ങളുമെടുത്ത് പ്രദേശം വിട്ടുതുടങ്ങി.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള പ്രധാന വിദ്യാർഥി താമസകേന്ദ്രങ്ങളിലൊന്നാണ് സത്യനികേതൻ. കുറഞ്ഞ ദൂരത്തിൽ കോളേജുകളിലെത്താമെന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികളും ഇവിടെയുള്ള സ്വകാര്യ പിജികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഞായറാഴ്ച ‘ഹോസ്റ്റൽ ഡേസ്’ എന്ന അഞ്ചുനില പിജി തകർന്നതോടെ സമീപത്തെ മറ്റ് കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചും ഭീതി പടർന്നു.
അപകടത്തെ തുടർന്ന് സമീപത്തെ ചില പിജികൾ ഒഴിപ്പിക്കുകയും സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. താമസസ്ഥലം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് താൽക്കാലിക സൗകര്യം ഒരുക്കാൻ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിലെ ചില കോളേജുകളും രംഗത്തെത്തി. ആത്മറാം സനാതൻ ധർമ് കോളേജ് കാന്റീൻ തുറന്നുകൊടുക്കുകയും വിദ്യാർഥികൾക്കായി താമസസൗകര്യം ഒരുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
അപകടം നടന്ന കെട്ടിടത്തിൽ ഏകദേശം 15 മുറികളുണ്ടായിരുന്നെന്നും ഓരോ മുറിയിലും രണ്ടുമുതൽ മൂന്ന് വരെ വിദ്യാർഥികൾ താമസിച്ചിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. കേരളം, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ താമസിച്ചിരുന്നു. മോതിലാൽ നെഹ്റു കോളേജ്, ആത്മറാം സനാതൻ ധർമ് കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളും പ്രദേശത്തെ പിജികളിൽ താമസിക്കുന്നുണ്ട്.
അപകടത്തിന് പിന്നാലെ വിദ്യാർഥികളുടെ കുടുംബങ്ങളിലും വലിയ ആശങ്കയാണ്. പഠനം പാതിവഴിയിലായിട്ടും സുരക്ഷയെ മുൻനിർത്തി മക്കളെ നാട്ടിലേക്ക് തിരിച്ചുവിളിക്കുകയാണ് പല മാതാപിതാക്കളും.
എന്നാൽ സത്യനികേതൻ വിട്ടുപോകുന്ന വിദ്യാർഥികൾക്ക് മറ്റൊരു സുരക്ഷിതവും താങ്ങാനാവുന്നവുമായ താമസസ്ഥലം കണ്ടെത്തുക എളുപ്പമല്ല. സൗത്ത് ക്യാമ്പസിന് സമീപമുള്ള പിജികളിലെ ഉയർന്ന വാടകയും ഹോസ്റ്റൽ സൗകര്യങ്ങളുടെ കുറവും നേരത്തെ തന്നെ വിദ്യാർഥികളെ ബുദ്ധിമുട്ടിച്ചിരുന്നു.
തകർന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ബേസ്മെന്റിൽ വെള്ളം കെട്ടിനിന്നതും അധിക നിലകൾ നിർമിച്ചതും കെട്ടിടത്തിന്റെ സുരക്ഷയെ ബാധിച്ചിരിക്കാമെന്നാണ് പ്രാഥമിക പരിശോധനകളിലെ സൂചന. കെട്ടിടത്തിൽ ആവശ്യമായ തൂണുകളില്ലായിരുന്നുവെന്നും അനുമതിയില്ലാതെ അധിക നിലകൾ കൂട്ടിച്ചേർത്തിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ ഏഴ് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തതോടൊപ്പം അഞ്ച് മുനിസിപ്പൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ താമസിക്കുന്ന പിജികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് ഘടനാ സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷനും നിർബന്ധമാക്കാനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
സത്യനികേതൻ ദുരന്തത്തോടെ ഡൽഹി സർവകലാശാല വിദ്യാർഥികളുടെ താമസപ്രശ്നവും വീണ്ടും മുന്നിലെത്തി. ആവശ്യത്തിന് സർവകലാശാലാ ഹോസ്റ്റലുകളില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ പിജികളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്ന വിദ്യാർഥികൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ താമസസൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.









0 comments