യുവാവ് പുഴയിൽ ചാടിയതായി സംശയം

പിറവം എക്സൈസ് കടവിനുസമീപം അഗ്നി രക്ഷാസേന തിരച്ചിൽ നടത്തുന്നു
പിറവം
മൂവാറ്റുപുഴയാറിൽ പിറവം എക്സൈസ് കടവിനുസമീപം ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്നയാൾ പുഴയിൽ ചാടിയതായി സംശയം. ആലുവ മുപ്പത്തടം പാറാഴിവട്ടം മന കെ സജിയെ (46)യാണ് കാണാതായത്. എക്സൈസ് കടവിനുസമീപം റോഡ് കടവിൽ ബൈക്കും ചെരിപ്പും മൊബൈൽഫോണും പേഴ്‌സും വസ്‌ത്രങ്ങളും ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി.
പിറവം പൊലീസ് അന്വേഷണം തുടങ്ങി. പിറവം അഗ്‌നി രക്ഷാസേനയും കോതമംഗലത്തുനിന്നുള്ള അഗ്‌നി രക്ഷാസേനാ സ്കൂബാ ടീമും തിരച്ചിൽ നടത്തി. വ്യാഴം രാവിലെ 10.40ന് ഇദ്ദേഹം ബൈക്കിൽ കടവിലേക്ക് എത്തുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ബൈക്ക് സ്റ്റാൻഡിൽവച്ചശേഷം ദീർഘനേരമെടുത്ത് പേപ്പറിൽ എഴുതുന്നത് ദൃശ്യങ്ങളിലുണ്ട്.
സജി ആത്മഹത്യ ചെയ്യുകയാണെന്നുള്ള വിവരം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഇതുകണ്ട് പൊലീസ് കൺട്രോൾ റൂമിൽനിന്ന് മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് പിറവം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കളമശേരി -കങ്ങരപ്പടി ഗോകുലം ഫ്ലാറ്റിലാണ് സജി മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. ബന്ധുക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.










0 comments