print edition ഇന്ന് ലോക മുളദിനം; മുളയിൽ നെയ്ത ജീവിതവഴികൾ

പൂണിക്കൊട്ടയില്‍ സാധനങ്ങള്‍ ചുമന്നുകൊണ്ടുപോകുന്ന ചോലനായ്ക്കര്‍
നിലമ്പൂർ: അളകളിൽ (ഗുഹകളിൽ)നിന്ന് കാടിറങ്ങുന്ന ചോലനായ്ക്കരുടെ മുതുകിൽ ഇന്നും കാണാം പൂണിക്കൊട്ട. ഏഷ്യയിലെ ഗുഹാവാസികളായ പ്രാക്തന ഗോത്രവർഗമായ ചോലനായ്ക്കരുടെ ജീവിതവുമായി തലമുറകളായി ചേർന്നുനിൽക്കുന്ന മുളങ്കൊട്ടയാണിത്.
കാടിന്റെ നിഴലിൽ വളർന്ന മുളത്തണ്ടുകൾ ചീകി നേർത്ത ചീളുകളാക്കി നെയ്തെടുക്കുന്നതാണിത്. തലമുറകളായി കൈമാറ്റംചെയ്യപ്പെടുന്നതാണ് ഇതിന്റെ നിർമാണ കൗശലം.
അനുയോജ്യമായ മുള തെരഞ്ഞെടുക്കുന്നതിൽനിന്നാണ് തുടക്കം. മുള വെട്ടിയെടുത്ത് പാകപ്പെടുത്തും. വെള്ളത്തിലിട്ട് പാകപ്പെടുത്തുന്ന രീതിയും ഇതിനായി ഉപയോഗിക്കുന്നു. പിന്നീട് മുള ചീകി നേർത്ത ചീളുകളാക്കും. വഴക്കം ലഭിച്ച ചീളുകൾ ഒന്നിനൊന്ന് ചേർത്തു നെയ്താണ് കൊട്ട ഒരുക്കുന്നത്.
മുളയുടെ സ്വഭാവവും ചീളിന്റെ കനവും മനസ്സിലാക്കിവേണം നെയ്യാൻ. എത്ര മുറുക്കത്തിൽ നെയ്യണം, കൊട്ടയ്ക്ക് എത്ര വലിപ്പം വേണം തുടങ്ങിയ കാര്യങ്ങളെല്ലാം മനക്കണക്കാണ്. മുതിർന്നവർ കൊട്ടനെയ്യുന്നത് കണ്ടും അവരെ സഹായിച്ചുമാണ് പുതിയ തലമുറ ഈ കൈവേല സ്വായത്തമാക്കുന്നത്.
കാട്ടിലെ യാത്രകൾക്ക് കൂട്ടായി
കരുളായി മാഞ്ചീരി, കരിമ്പുഴ, കുപ്പമല, പാണപ്പുഴ തുടങ്ങിയ വനമേഖലകളിലൂടെ സഞ്ചരിക്കുന്ന ചോലനായ്ക്കരുടെ ജീവിതത്തിൽ പൂണിക്കൊട്ടയ്ക്ക് ഇന്നും പല ഉപയോഗങ്ങളുണ്ട്. തേനും കുന്തിരിക്കവും നെല്ലിക്കയും കിഴങ്ങുകളും തേടി കിലോമീറ്ററുകൾ കാട്ടിലൂടെ നടക്കുമ്പോൾ ശേഖരിക്കുന്ന വനവിഭവങ്ങൾ ചുമക്കുന്നത് ഇതിലാണ്.
വീട്ടിലേക്ക് വേണ്ട സാധനങ്ങളും മാസത്തിലൊരിക്കൽ ബുധനാഴ്ച ലഭിക്കുന്ന റേഷനും അളകളിലെത്തിക്കുന്നതും ഇതിൽ. കാട്ടിലൂടെയുള്ള യാത്രകളിൽ വന്യജീവി ആക്രമണ ഭീഷണി നേരിടുമ്പോൾ കുഞ്ഞുങ്ങളെ കൊട്ടയിലിരുത്തി മുതുകിൽ ചുമന്നുകൊണ്ടുപോകാറുണ്ട്.
പലതുണ്ട് കൊട്ടകൾ
പൂണിക്കൊട്ടയ്ക്ക് പുറമെ വീട്ടിലെ സാധനങ്ങൾ സൂക്ഷിക്കാനുള്ള കൊട്ട, ഭക്ഷണസാധനങ്ങൾക്കുള്ള വട്ടി, മീൻ ഉണക്കാനും ഭക്ഷണം സംരക്ഷിക്കാനുമുള്ള കൊട്ടകൾ തുടങ്ങിയവയും മുളകൊണ്ട് നിർമിക്കുന്നുണ്ട്.
ആവശ്യത്തിനനുസരിച്ച് ഓരോ കൊട്ടയുടെയും രൂപവും വലിപ്പവും മാറും. കാലം മാറിയിട്ടും മുളയും പൂണിക്കൊട്ടയും ചോലനായ്ക്കരുടെ ജീവിതത്തിൽനിന്ന് അകന്നിട്ടില്ല. തലമുറകൾ മാറിയിട്ടും കൈമാറിവന്ന അതേ കൈവേലയിൽ ഇന്നും പൂണിക്കൊട്ടകൾ പിറക്കുന്നു.










0 comments