പിറവത്തെ പൊതുശ്മശാനം അടിയന്തരമായി തുറക്കണം: എൽഡിഎഫ്

കണ്ണീറ്റുമല പൊതുശ്മശാനത്തിൽ എൽഡിഎഫ് പ്രതിഷേധിക്കുന്നു
പിറവം
നഗരസഭയുടെ കണ്ണീറ്റുമല പൊതുശ്മശാനം അടച്ചുപൂട്ടിയിട്ട് ആറുമാസം പിന്നിട്ടു. 12 വർഷമായി പിറവം ജനതയ്ക്കും സമീപ പഞ്ചായത്തുകൾക്കും ആശ്വാസമായി പ്രവർത്തിച്ച പൊതുശ്മശാനം തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ കാര്യമായ ഒരിടപെടലും ഭരണസമിതി നടത്തുന്നില്ലെന്ന് എൽഡിഎഫ് മുനിസിപ്പൽ സമിതി പറഞ്ഞു.
മാസം 20 മുതൽ 30 വരെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഇടമായിരുന്നു. പുകക്കുഴൽ ഒടിഞ്ഞുപോയതിന്റെ പേരിലാണ് അടച്ചുപൂട്ടിയത്. രണ്ടു ജീവനക്കാരാണ് ഇവിടെയുള്ളത്. ആറുമാസത്തെ കെടുകാര്യസ്ഥതകൊണ്ട് തൊട്ടടുത്തുള്ള മാലിന്യസംസ്കരണപ്ലാന്റിലെ മാലിന്യം സൂക്ഷിക്കുന്ന ഇടമാക്കി ശ്മശാനം മാറ്റി. അത്താഘോഷത്തിനായി സംസ്ഥാന സർക്കാരിന്റെ കൈയിൽനിന്ന് അഞ്ച് ലക്ഷം രൂപ അടിയന്തരസഹായം തേടി വാങ്ങിയെടുത്തവർ കണ്ണീറ്റുമലയ്‌ക്കുവേണ്ടി ചെറുവിരൽ അനക്കുന്നില്ലെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
പൊതുശ്മശാനം പ്രവർത്തനരഹിതമായതിനുശേഷം പിറവം ജനത എടയ്‌ക്കാട്ടുവയലിലും തൃപ്പൂണിത്തുറയിലുമുള്ള പൊതുശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. കണ്ണീറ്റുമലയിൽ നടന്ന പ്രതിഷേധസമരം മുൻ നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ അധ്യക്ഷനായി. നേതാക്കളായ ബിമൽ ചന്ദ്രൻ, സോജൻ ജോർജ്, സുരേഷ് ചന്തേലി, ഡോ. അജേഷ് മനോഹർ, കെ സി തങ്കച്ചൻ, സാജു ചേന്നാട്ട്, ജേക്കബ് പോൾ, എം എം ജോസഫ്, പീറ്റർ പി ജോൺ, കെ യു അനൂദാസ്, തമ്പി പുതുവാകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.









0 comments