ഫോർട്ട് കൊച്ചി സ്‌റ്റോറിലെ തീപിടിത്തം
ഇഎസ്‌ഐ ആശുപത്രികൾ പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Jun 11, 2026, 12:19 AM | 2 min read
കൊച്ചി
ഫോർട്ട് കൊച്ചിയിലെ ഇഎസ്‌ഐ മധ്യമേഖലാ മരുന്ന് സ്‌റ്റോറിലുണ്ടായ തീപിടിത്തത്തിൽ മരുന്നുകളും അവ സൂക്ഷിക്കാനുള്ള സംവിധാനങ്ങളും നശിച്ചത് നാല് ജില്ലകളിലെ ആശുപത്രികളുടെയും ഡിസ്‌പെൻസറികളുടെയും പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി. എറണാകുളത്തിനുപുറമെ തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഇഎസ്‌ഐ ആശുപത്രികളും ഡിസ്‌പെൻസറികളും ഉൾപ്പെടെ 55 കേന്ദ്രങ്ങളിലേക്ക് മരുന്ന് വിതരണം ചെയ്‌തിരുന്നത് ഇവിടെനിന്നാണ്.
കോഴിക്കോട്, തിരുവനന്തപുരം സ്‌റ്റോറുകളിൽനിന്ന് മരുന്നെത്തിക്കാൻ ആലോചനയുണ്ടെങ്കിലും അത് മറ്റു ജില്ലകളിലെ ഇഎസ്‌ഐ ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ശനി രാത്രിയുണ്ടായ തീപിടിത്തത്തിൽ 10 കോടിയോളം രൂപയുടെ മരുന്നും സാമഗ്രികളും നശിച്ചതായാണ് പ്രാഥമിക കണക്ക്.
എറണാകുളം ജില്ലയിൽ നോർത്തിലെ ഇഎസ്‌ഐ ആശുപത്രിയിലേക്കും 21 ഡിസ്‌പെൻസറികളിലേക്കും ഫോർട്ട് കൊച്ചിയിലെ സ്‌റ്റോറിൽനിന്നാണ് മരുന്ന് എത്തിക്കുന്നത്. തൃശൂരിൽ രണ്ട് ആശുപത്രികളും 15 ഡിസ്‌പെൻസറിയും ആലപ്പുഴയിൽ ഒരു ആശുപത്രിയും 14 ഡിസ്‌പെൻസറികളും ഇടുക്കിൽ മൂന്ന് ഡിസ്‌പെൻസറിയും ഫോർട്ട് കൊച്ചി സ്‌റ്റോറിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽനിന്ന് നൽകുന്ന ഇൻഡന്റ് പ്രകാരം കേന്ദ്രീകൃത പർച്ചേസ് സംവിധാനത്തിലൂടെ ഒരു വർഷത്തേക്കുള്ള മരുന്നുകൾ ഒന്നിച്ച് വാങ്ങി സ്‌റ്റോറിൽ സൂക്ഷിക്കുകയാണ്.
പിന്നീട് ആവശ്യമനുസരിച്ച് സ്‌റ്റോറിൽനിന്ന് എത്തിച്ചുനൽകുന്നതാണ് രീതി. വർഷാവസാനം നൽകുന്ന ഇൻഡന്റ് പ്രകാരം പുതുവർഷത്തിലെ ആദ്യമാസങ്ങളിൽത്തന്നെ മുഴുവൻ മരുന്നുകളും സ്‌റ്റോറിൽ എത്തും. അങ്ങനെ വൻതോതിൽ സൂക്ഷിച്ചിരുന്ന മരുന്നുകളാണ് സ്‌റ്റോറിലെ തീപിടിത്തത്തിൽ നശിച്ചത്. ഇതേത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസവും ഇൗ നാല് ജില്ലകളിലെ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും ആവശ്യമായ മരുന്നുകൾ എത്തിയിട്ടില്ല.
കോഴിക്കോട്, തിരുവനന്തപുരം സ്‌റ്റോറുകളിൽനിന്ന് മരുന്നെത്തിക്കുന്നത് മറ്റു ജില്ലകളിലെ ആശുപത്രികളെയും ഡിസ്‌പെൻസറികളെയും ബാധിക്കുമെന്നതിനാൽ ആ ക്രമീകരണം ദീർഘനാൾ തുടരാനാകില്ല. തീപിടിത്തത്തിൽ നശിച്ച മരുന്നിന്റെ യഥാർഥ മൂല്യം അന്തിമ കണക്കിൽ 10 കോടിക്ക് മുകളിലാകുമെന്നാണ് കരുതുന്നത്. പുതിയ ഓർഡർ നൽകി അത്രയും മരുന്നുകൾ മരുന്നുകന്പനികളിൽനിന്ന് വീണ്ടും പർച്ചേസ് ചെയ്യലാണ് ഒരു പോംവഴി.
അതിനാവശ്യമായ പണം സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിക്കേണ്ടിവരും. സംസ്ഥാനം ചെലവഴിക്കുന്ന പണത്തിലെ ഒരുഭാഗം പിന്നീട് കേന്ദ്ര സർക്കാർ റീ ഇംപേഴ്‌സ് ചെയ്യുന്നതാണ് രീതി. പുതിയ സ്‌റ്റോക്ക് ലഭിക്കുന്നതുവരെ ആവശ്യമായിവരുന്ന മരുന്ന് ഓപ്പൺ മാർക്കറ്റിൽനിന്ന് വാങ്ങേണ്ടിവരും.
തൊഴിലാളികൾക്ക് മരുന്നുകള്‍ ലഭ്യമാക്കണം: സിഐടിയു
കൊച്ചി
ഫോര്‍ട്ട് കൊച്ചി ഇഎസ്ഐ ഡിസ്‌പെന്‍സറിയിലെ തീപിടിത്തത്തിൽ ഉപയോഗശൂന്യമായവയ്‌ക്ക് പകരമുള്ള മരുന്നുകൾ തൊഴിലാളികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തീപിടിത്തത്തിൽ സ്‌റ്റോറിൽ സൂക്ഷിച്ചിരുന്ന 10 കോടി രൂപയുടെ മരുന്നുകളാണ് ഉപയോഗശൂന്യമായത്.
എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് വിവിധ ഇഎസ്ഐ ആശുപത്രി, ഡിസ്‌പെന്‍സറികൾ എന്നിവിടങ്ങളിൽനിന്ന് ലഭ്യമായിരുന്ന അവശ്യമരുന്നുകള്‍ ഇതോടെ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. ഇത് ഇഎസ്ഐയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. ഉപയോഗശൂന്യമായ മരുന്നുകള്‍ക്ക് പകരമുള്ളവ മൂന്നു ജില്ലകളിലെ തൊഴിലാളികള്‍ക്കായി വിതരണം ചെയ്യേണ്ടതാണ്.
പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തൊഴില്‍വകുപ്പ് തയ്യാറാകണം. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റോറില്‍നിന്നും കോഴിക്കോട്ടെ റീജണൽ സ്റ്റോറില്‍നിന്നും അധികമുള്ള മരുന്നുകള്‍ എത്തിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകുമോ എന്ന് സംശയമുണ്ട്.
തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങളായ രോഗികള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തൊഴിൽവകുപ്പും ഇഎസ്‌ഐ ഡയറക്ടറും അടിയന്തര നടപടിയെടുക്കണം. ആവശ്യം ഉന്നയിച്ച് ഡയറക്ടര്‍ക്ക് കത്ത് നല്‍കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.











0 comments