അങ്കമാലിയിൽ സ്‌റ്റേഷനറി ഗോഡൗണിൽ വൻ തീപിടിത്തം

അങ്കമാലിയില്‍ തീപിടിത്തമുണ്ടായ ബാബൂസ് സ്‌റ്റേഷനറി മൊത്തവ്യാപാര സ്ഥാപനത്തിൽനിന്ന് പുക ഉയരുന്നു
അങ്കമാലി
ദേശീയപാതയ്ക്ക് സമീപമുള്ള ബാബൂസ് സ്‌റ്റേഷനറി മൊത്തവ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ചൊവ്വ പകല്‍ 3.30 ഓടെയാണ് സംഭവം. ഗോഡൗൺ പൂർണമായും കത്തിയമർന്നു. നഷ്ടത്തിന്റെ വ്യാപ്‌തി കണക്കാക്കിയിട്ടില്ല. ഗോഡൗണിന് അകത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ ആളപായം ഒഴിവായി. തീ അണയ്ക്കുന്നതിനിടെ വീണ് ഉടമ ബാബുവിന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കമാലി, ചാലക്കുടി, പെരുമ്പാവൂർ, മാള, ആലുവ, ഏലൂർ യൂണിറ്റുകളിൽനിന്നും വിമാനത്താവളത്തിൽനിന്നും അഗ്നി രക്ഷാസേന യൂണിറ്റുകളെത്തി മൂന്നരമണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണിന്റെ മുകളിലെനിലയിലായിരുന്നു ആദ്യം തീ പടർന്നത്. പെർഫ്യൂം, പ്ലാസ്‌റ്റിക് ഷീറ്റുകൾ, കയർ, അലങ്കാരവസ്തുക്കൾ ഉൾപ്പെടെ ഗോഡൗണിലെ ഭൂരിഭാഗം സാധനങ്ങളും പ്ലാസ്റ്റിക് അനുബന്ധ ഉൽപ്പന്നങ്ങളായിരുന്നതിനാൽ തീ ആളിപ്പടര്‍ന്നു.
ചില സാധനങ്ങൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ഭീതിപരത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മന്ത്രി റോജി എം ജോൺ, ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസ്, നഗരസഭ അധ്യക്ഷ റീത്ത പോൾ എന്നിവർ സ്ഥലത്തെത്തി.










0 comments