ad
Deshabhimani

ഏകദേശം ഒരുകോടിയുടെ നഷ്ടം കണക്കാക്കി അഗ്നി രക്ഷാസേന

ഫോര്‍ട്ട് കൊച്ചി ഇഎസ്ഐ 
ഡിസ്പെന്‍സറിയിൽ തീപിടിത്തം

fire

ഫോര്‍ട്ട് കൊച്ചി ഇഎസ്ഐ 
ഡിസ്പെന്‍സറിയിലുണ്ടായ തീപിടിത്തം

വെബ് ഡെസ്ക്

Published on Jun 08, 2026, 02:22 AM | 1 min read

മട്ടാഞ്ചേരി


ഫോര്‍ട്ട് കൊച്ചി ഇഎസ്ഐ ഡിസ്പെന്‍സറിയിലുണ്ടായ തീപിടിത്തം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്‌ച രാത്രി പത്തിനാണ്‌ തീപിടിത്തമുണ്ടായത്. എന്നാല്‍, അരമണിക്കൂർ വൈകി 10.30ന്‌ നാട്ടുകാരാണ്‌ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. ഇവര്‍ എത്തുമ്പോഴേക്കും തീ വ്യാപിച്ചിരുന്നു. ഡിസ്പെന്‍സറിക്കുപുറമേ സബ് സ്റ്റോറും ഈ കെട്ടിടത്തില്‍ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകള്‍ സൂക്ഷിക്കുന്ന സബ് സ്റ്റോറിലാണ് ആദ്യം തീപിടിച്ചത്. ഇതാണ് തീപടരാന്‍ ഇടയാക്കിയത്.


ആദ്യം മട്ടാഞ്ചേരിയില്‍നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്‌. എന്നാല്‍, തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗാന്ധിനഗര്‍, തൃപ്പൂണിത്തുറ, കളമശേരി, അരൂര്‍, ഐഎന്‍എസ് വെണ്ടുരുത്തി, ഐഎന്‍എസ് ദ്രോണാചാര്യ എന്നിവിടങ്ങളില്‍നിന്ന് ആറ് യൂണിറ്റുകൂടി എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം പുലർച്ചെ രണ്ടുവരെ നീണ്ടു. തീ ഉയരുന്നതായി വീണ്ടും വിളി വന്നതിനെത്തുടര്‍ന്ന് മൂന്നുമണിയോടെ ഒരു യൂണിറ്റ് വീണ്ടും അപകടസ്ഥലത്തെത്തി. മരുന്നുകള്‍ ആയതിനാല്‍ തീ വീണ്ടും പടരുന്ന സാഹചര്യം ഉടലെടുത്തതോടെ രാവിലെ വീണ്ടും അഗ്നിരക്ഷാസേനയെത്തി.


കത്തിയമര്‍ന്ന മരുന്നുകള്‍ ജെസിബി ഉപയോഗിച്ച് ഇളക്കിയാണ് തീ പൂര്‍ണമായും അണച്ചത്. അഗ്നിരക്ഷാസേനയുടെ ഇടപെടല്‍മൂലം പല ഉപകരണങ്ങളും നശിയാതെ സംരക്ഷിക്കാന്‍ കഴിഞ്ഞു. ജില്ലാ ഫയര്‍ ഓഫീസര്‍ കെ ഹരികുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ പി വി പ്രേംനാഥ്, പി പ്രവീണ്‍, ഓഫീസര്‍മാരായ സി പി ബൈജു, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തീപിടിത്തത്തിന്‌ കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.


ഏകദേശം ഒരുകോടി രൂപയുടെ നാശനഷ്ടമാണ് അഗ്നിരക്ഷാസേന കണക്കാക്കുന്നത്‌. സ്റ്റോര്‍റൂമില്‍ സ്ഥിരമായി ഉണ്ടാകുന്ന സുരക്ഷാ ജീവനക്കാരൻ സംഭവദിവസം അവധിയിലായിരുന്നു. നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്ന് മെഡിക്കല്‍ ഓഫീസര്‍ ലിയ ജോര്‍ജ് പറഞ്ഞു. അപകടകാരണം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്‌ധരെത്തി പരിശോധന നടത്തി. ഫോര്‍ട്ട്കൊച്ചി പൊലിസ് അന്വേഷണം ആരംഭിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home