പിടിമുറുക്കുന്നു പനി, ഡെങ്കി, മഞ്ഞപ്പിത്തം

കൊച്ചി
മഴക്കാലപൂർവ ശുചീകരണവും മാലിന്യനിർമാർജനവും രോഗപ്രതിരോധപ്രവർത്തനങ്ങളും പാളിയതോടെ ജില്ലയിൽ അസുഖങ്ങൾ പിടിമുറുക്കി. പനി, ഡെങ്കി, എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ ഭീതിജനകമാംവിധം വർധിക്കുകയാണ്. കാലവർഷം കനക്കുന്നതോടെ രോഗങ്ങളും വ്യാപനത്തോതും വീണ്ടും ഉയരും. ഇത് ജീവനുതന്നെ ഭീഷണിയാകും. മലേറിയ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഇതിനകം ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കൊച്ചി കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ മഴക്കാലപൂർവ ശുചീകരണത്തിലും മാലിന്യനിർമാർജനത്തിലും രോഗപ്രതിരോധപ്രവർത്തനങ്ങളിലും ഗുരുതര വീഴ്‌ചയാണ് വരുത്തിയത്. മാലിന്യം കുന്നുകൂടിയും ചിതറിയും കിടക്കുന്ന കാഴ്‌ചകളാണ് പ്രധാന സ്ഥലങ്ങളിൽ. എലികൾ വിഹരിക്കുകയാണ്. ഓടകൾ, തോടുകൾ എന്നിവ കൃത്യമായി വൃത്തിയാക്കാനും തയ്യാറായില്ല. ഇവിടങ്ങളിൽ കൊതുകുകളും പെരുകുകയാണ്. യുഡിഎഫ് ഭരിക്കുന്ന മറ്റു തദ്ദേശസ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.
കുട്ടികളടക്കം ദിവസവും അഞ്ഞൂറിനടുത്തുപേരാണ് പനിബാധിതരായി ആശുപത്രികളിൽ ചികിത്സ തേടുന്നത്. മെയ് ഒന്നുമുതൽ 18 വരെ ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരം 6351 പേർ പനി ബാധിച്ച് ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കുതിച്ചുകയറുകയാണ്. 18 ദിവസത്തിനുള്ളിൽ 80 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 65 പേർ ഡെങ്കിപ്പനി ബാധിതരായി. സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയ കണക്കാണിത്. സ്വകാര്യ ആശുപത്രികളുടേതും കൂടിയാകുന്പോൾ രോഗബാധിതരുടെ എണ്ണം ഇനിയും ഏറും.
ജീവനെടുക്കും; എല്ലാമുണ്ട്
ജീവനെടുക്കുകയാണ് അസുഖങ്ങൾ. അമീബിക് മസ്‌തിഷ്‌ക ജ്വരം, ടൈഫോയിഡ്, ചിക്കൻപോക്‌സ് എന്നിവ ബാധിച്ചുള്ള മരണം ഇൗ മാസം ജില്ലയിലുണ്ടായി. മലേറിയ, വെസ്‌റ്റ്‌നയിൽ, അമീബിക് മസ്‌തിഷ്‌ക ജ്വരം, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്‌തു. കൊച്ചി നഗരത്തിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണവും കൂടുകയാണെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.










0 comments