ad
Deshabhimani

പ്രതിരോധം പൂർണമായി പാളി

ജില്ല വെന്റിലേറ്ററിൽ
ജീവനെടുക്കാൻ എച്ച്‌1 എൻ1, വെസ്റ്റ്‌ നൈൽ

FEVER
വെബ് ഡെസ്ക്

Published on Jun 08, 2026, 02:44 AM | 2 min read

കൊച്ചി


മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായി പാളിയതോടെ ജില്ല പകർച്ചവ്യാധിയുടെ പിടിയിൽ. ജീവനെടുക്കാൻ എച്ച്‌1 എൻ 1, വെസ്‌റ്റ്‌നൈൽ.... രോഗങ്ങളുടെ പിടിയിലാണ്‌ ജില്ല.

വിവിധ രോഗങ്ങൾ ബാധിച്ച്‌ ഒരാഴ്ചയ്‌ക്കിടെമാത്രം അഞ്ചുപേരാണ്‌ മരിച്ചത്‌. ഇതിൽ രണ്ടുപേർ എച്ച്‌1 എൻ1 ബാധിച്ചും ഒരാൾ വെസ്റ്റ്‌ നൈൽ പനി ബാധിച്ചുമാണ്‌ മരിച്ചത്‌.


പനിക്കിടക്കയിൽ നാട്‌


പനി, ചിക്കൻപോക്‌സ്‌, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം ദിവസേന വർധിക്കുകയാണ്‌. ജൂൺ ഒന്നുമുതൽ ശനിവരെ 4391 പേർ പനിബാധിച്ച്‌ വിവിധ ആശുപത്രികളിൽ ചികിത്സതേടി. 47 പേർക്ക്‌ ഡെങ്കിപ്പനിയും മൂന്നുപേർക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചു. 33 പേർക്ക്‌ ചിക്കൻപോക്‌സും 20 പേർക്ക്‌ മഞ്ഞപ്പിത്തവും ഒരാൾക്ക്‌ മലേറിയയും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മേയിൽ പനി ബാധിച്ച്‌ 12,776 പേരാണ്‌ ചികിത്സ തേടിയത്‌. വരുംദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ സ്ഥിതി രൂക്ഷമാകും.


പ്രതിരോധം പാളിയത്‌ തിരിച്ചടി


മഴക്കാലത്തിന്‌ മുന്നോടിയായി ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും നടത്താതെ സർക്കാരും തദ്ദേശസ്ഥാപനങ്ങളും കാട്ടിയ അലംഭാവം തിരിച്ചടിയായി. ദിവസങ്ങൾക്കുമുന്പേ മഴമുന്നറിയിപ്പ്‌ ലഭിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളെയും ആരോഗ്യവകുപ്പിനെയും കൂട്ടിയോജിപ്പിച്ച്‌ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. യുഡിഎഫ്‌ ഭരിക്കുന്ന കൊച്ചി കോർപറേഷനിലും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും മാലിന്യസംസ്കരണം താളം തെറ്റി. രൂക്ഷമായ വെള്ളക്കെട്ടും സ്ഥിതി സങ്കീർണമാക്കി.


ജലജന്യരോഗങ്ങൾക്കെതിരെ ജാഗ്രതാനിർദേശം


കൊച്ചി


മഴക്കാലമായതിനാൽ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ് തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയേറെയായതിനാൽ ജാഗ്രത വേണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുടിവെള്ളസ്രോതസ്സുകൾ മലിനമാകാൻ സാധ്യതയേറെയാണ്. കുടിവെള്ളത്തിന്റെ ഉപയോഗത്തിലും ശുചിത്വശീലങ്ങൾക്കും പ്രാധാന്യം നൽകണം.


ശ്രദ്ധവേണം


– കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ക്ലോറിനേറ്റ് ചെയ്യണം.

– തിളപ്പിച്ച വെള്ളത്തിൽ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേർക്കരുത്.

– പൊതുവിതരണ ശൃംഖലകളിൽനിന്നുള്ള വെള്ളം, ഫിൽറ്ററുകളിൽനിന്നുള്ള വെള്ളം, കാനുകളിൽ ലഭിക്കുന്ന വെള്ളം, ക്ലോറിനേറ്റ് ചെയ്ത വെള്ളം എന്നിവ കുടിക്കാൻ ഉപയോഗിക്കുന്നതിനുമുന്പ്‌ 20 മിനിറ്റ് വെട്ടിത്തിളപ്പിക്കണം.

– ഐസ്, ശീതള പാനീയങ്ങൾ, സംഭാരം, ചട്നി എന്നിവ തയ്യാറാക്കാനും തിളപ്പിച്ചാറ്റിയ ജലം ഉപയോഗിക്കുക.

– ശുചിമുറി ഉപയോഗിച്ചശേഷവും ആഹാരപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുന്പും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

– പാത്രങ്ങൾ കഴുകാനും വായ കഴുകാനും ശുദ്ധജലം ഉപയോഗിക്കണം. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയശേഷംമാത്രം ഉപയോഗിക്കുക.

– രോഗബാധിതരിൽനിന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. രോഗബാധയുള്ളവർ ആഹാരപദാർഥങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല. രോഗി ഉപയോഗിച്ച പാത്രങ്ങളും മറ്റും മറ്റുള്ളവരുമായി പങ്കിടരുത്.

– ഭക്ഷണം കഴിക്കുന്നതിനുമുമ്പും മലമൂത്ര വിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പ്‌ ഉപയോഗിച്ച് കഴുകുക.

– രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home