പനി പടരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി
ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധന. മഴക്കാലപൂർവ ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കൊതുകുജന്യരോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.
ഞായറാഴ്‌ച ജില്ലയിലെ വിവിധ ക്ലിനിക്കുകളിൽ പനിക്ക് ചികിത്സ തേടി 177 പേർമാത്രമാണ് എത്തിയത്. എന്നാൽ, തിങ്കളാഴ്‌ച പനിബാധിതരുടെ എണ്ണം 372ഉം ചൊവ്വാഴ്‌ച 402 ഉം ആയി ഉയർന്നു. ഞായറാഴ്‌ച ആറുപേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മൂന്നുപേർക്കുമാത്രമാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച ഡെങ്കി ബാധിതരുടെ എണ്ണം 18 ആയി. ആലുവ, ചെല്ലാനം, ചിറ്റാറ്റുകര, ചൂർണിക്കര -(2), കടവന്ത്ര (-2), മലയിടംതുരുത്ത്, പൊന്നുരുന്നി, പുത്തൻവേലിക്കര, രാമമംഗലം, തേവര, വേങ്ങൂർ (-4) , വെണ്ണല (-2), കളമശേരി (1) എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, വെസ്റ്റ് നൈൽ പനി, മലേറിയ എന്നിവയുൾപ്പെടെയുള്ള കൊതുകുജന്യരോഗങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തുടരുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ ഷാഹിർഷ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ഈ രോഗങ്ങൾ തടയുന്നതിൽ ജാഗ്രത പാലിക്കണം. ഉറവിടം കുറയ്ക്കുന്നതിനും കൊതുക് പ്രജനന കേന്ദ്രങ്ങൾ തടയുന്നതിനും മുൻഗണന നൽകണം. വീടുകളിലും സ്ഥാപനങ്ങളിലും നിർബന്ധിത ‘ഡ്രൈ ഡേ' ആചരിക്കണം. വെള്ളത്തിൽ സൂക്ഷിക്കുന്ന ഇൻഡോർ സസ്യങ്ങൾപോലും പ്രജനന കേന്ദ്രങ്ങളായി മാറാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ ഒരാൾക്ക് മലേറിയ റിപ്പോർട്ട് ചെയ്‌തിരുന്നു. അതിഥിത്തൊഴിലാളികളുടെ ഇടയിലാണ് മലേറിയ വരാനുള്ള സാധ്യത ഏറെയുള്ളത്. ഇവരുടെ കുടിവെള്ളസ്രോതസ്സുകൾ മിക്കവയും ശുദ്ധീകരിക്കാത്തതും താമസസ്ഥലങ്ങൾ വൃത്തിഹീനവുമാണ്. മാലിന്യനിർമാർജനത്തിൽ പല പഞ്ചായത്തുകളും പിന്നാക്കമാണെന്നും ജില്ലാ ആരോഗ്യവിഭാഗം പറയുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ തോടും കാണയും വൃത്തിയാക്കൽ പേരിനുമാത്രമാണ് കോർപറേഷനിൽ നടന്നിട്ടുള്ളത്.











0 comments