പെൻഷൻ പരിഷ്കരണം നടപ്പാക്കണം: ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്സ് ഫോറം

ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്സ് ഫോറം ദേശീയ സമ്മേളനത്തിന് പ്രസിഡന്റ് വി എം രാജനാരായണൻ ദീപം തെളിക്കുന്നു
ആലുവ
വിരമിച്ച ജീവനക്കാർ മൂന്നുപതിറ്റാണ്ടായി കാത്തിരിക്കുന്ന പെൻഷൻ പരിഷ്‌കരണം എത്രയുംവേഗം നടപ്പാക്കണമെന്ന് ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്സ് ഫോറം ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
വിരമിച്ചവരുടെ ആരോഗ്യ ഇൻഷുറൻസ് അതാത് ബാങ്കുകൾ ഏറ്റെടുക്കണം, പെൻഷൻ കണക്കാക്കുമ്പോൾ സ്പെഷ്യൽ അലവൻസുകൂടി പരിഗണിക്കണം, ആദായനികുതി പരിധിയിൽനിന്ന് പലിശവരുമാനം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആലുവ എഫ്ബിഒഎ ഹാളിൽ ചേർന്ന സമ്മേളനം ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറിസ് കോൺഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കെ വി ആചാര്യ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സുപ്രിത സർക്കാർ മുഖ്യപ്രഭാഷണം നടത്തി. ഫോറം പ്രസിഡന്റ് വി എം രാജനാരായണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ റിപ്പോർട്ടും ട്രഷറർ പോൾ ജോസ് മാത്യു കണക്കുകളും അവതരിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സച്ചിൻ ജേക്കബ് പോൾ, ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ പി എസ് സ്മിത്ത് എന്നിവർ സംസാരിച്ചു.
സാമൂഹ്യ സേവനപദ്ധതിയുടെ ഭാഗമായി വയനാട് ദുരന്ത പുനരധിവാസത്തിനായി ഫോറം നിർമിക്കുന്ന അഞ്ച് വീടുകളുടെ നിർമാണം പൂർത്തിയായിവരുന്നതായും ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ സംഭാവനയായി അഞ്ചുലക്ഷം രൂപ നൽകുന്നതായും ഭാരവാഹികൾ അറിയിച്ചു. 80 വയസ്സ് പൂർത്തിയാക്കിയ മുതിർന്ന 20 അംഗങ്ങളെ ആദരിച്ചു.










0 comments