ആക്‌ഷൻ കൗൺസിൽ സജീവമാക്കാൻ ട്രേഡ് യൂണിയനുകൾ
‘ഫാക്ടി’നെ കൈവിടരുത്

കളമശേരി
ഒരുകാലത്ത് രാജ്യത്തിനുതന്നെ അഭിമാനമായിരുന്ന ഫാക്ട് പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ. രാജ്യത്ത് വളം വ്യവസായശാലകളെല്ലാം മികച്ച ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ 2023 മുതൽ ഫാക്ട് നഷ്ടത്തിലേക്ക് തിരിച്ചിറങ്ങുകയാണ്. 2023ൽ 613 കോടി രൂപയുടെ റെക്കോഡ് ലാഭമുണ്ടായിരുന്ന കമ്പനിക്ക് 2025–-26ൽ 39.6 കോടി നഷ്ടം രേഖപ്പെടുത്തി.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ 62 കോടിയാണ് നഷ്ടം. സാമ്പത്തികവർഷം പൂർത്തിയാകുമ്പോൾ നഷ്ടം 200 കോടി കവിയുമെന്നാണ് സൂചന. എല്ലാ പ്ലാന്റുകളിലും ഉൽപ്പാദനം കുറച്ചു. 2024ൽ കാപ്രോലാക്ടം പ്ലാന്റ് അടച്ചു. അതോടെ അമോണിയം സൾഫേറ്റ് വളങ്ങളുടെ ഉൽപ്പാദനം നിന്നു. കൊച്ചി ഡിവിഷനിൽ 1650 ടൺ പ്രതിദിന ഉൽപ്പാദനശേഷിയുള്ള എൻപി പ്ലാന്റ് നിർമാണം മന്ദഗതിയിലായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഫാക്ട് വളങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും വിപണിയിൽ വളം ലഭിക്കുന്നില്ല. മികച്ച ഉൽപ്പാദന, വിപണന സംവിധാനങ്ങളുമുള്ളപ്പോഴാണിത്.
പ്ലാന്റുകളുടെ ശേഷിയുടെ മൂന്നിലൊന്നുപോലും ഉൽപ്പാദിപ്പിക്കുന്നില്ല. അതേസമയം, 80,000 ടൺ എൻപികെയും 25,000 ടൺ അമോണിയം സൾഫേറ്റും ഉൾപ്പെടെ വളങ്ങൾ കമ്പനി ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. വിപണനവീഴ്ച മറയ്ക്കാൻ ഉൽപ്പാദന നിയന്ത്രണമാണ് കമ്പനി സ്വീകരിച്ച തന്ത്രം. വിപണന പ്രതിസന്ധിക്ക് പരിഹാരമായി സംയുക്ത ട്രേഡ്‌യൂണിയൻ സമിതി ഏഴിന നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
സഹകരണ മേഖലയിലെ മുഴുവൻ ഔട്ട്‌ലെറ്റുകളിലും ഫാക്ട് വളം ലഭ്യമാക്കുക, ഉദ്യോഗമണ്ഡലിലും കൊച്ചി ഡിവിഷനിലും പുതിയ ഹോൾസെയിൽ കേന്ദ്രങ്ങൾ തുറക്കുക, ദക്ഷിണേന്ത്യയിലെ എല്ലാ ജില്ലകളിലും റീട്ടെയിൽ ശൃംഖല ശക്തിപ്പെടുത്തുക, കരിമ്പുകൃഷി വ്യാപകമായ കേന്ദ്രങ്ങളിൽ അമോണിയം സൾഫേറ്റിന് സ്ഥിരംവിപണി ഉറപ്പാക്കുക, സീസണുമുമ്പെ ഡിപ്പോകളിൽ ഉൽപ്പന്നമെത്തിക്കുക, മാർക്കറ്റിങ് വിഭാഗത്തിന്റെ പ്രവർത്തനം തുടർച്ചയായി വിലയിരുത്തി തിരുത്തുക എന്നിവയാണ്.
മുമ്പ് തുടർനഷ്ടത്തിന്റെ പ്രതിസന്ധിയിൽനിന്ന് ഫാക്ടിനെ രക്ഷിച്ചെടുത്തത് ജീവനക്കാരും നാട്ടുകാരും കൈകോർത്ത സേവ് ഫാക്ട് മൂവ്മെന്റാണ്. അതിനെക്കാൾ വലിയ പ്രതിസന്ധിയാണിപ്പോൾ. വീണ്ടും സേവ് ഫാക്ട് ആക്‌ഷൻ കൗൺസിൽ സജീവമാക്കാൻ ട്രേഡ് യൂണിയനുകൾ കൈകോർക്കുകയാണ്.









0 comments