‘വിദ്യാവാഹിനി’ പുനസ്ഥാപിക്കണം
പട്ടികവർഗ വികസന ഓഫീസ് ഉപരോധിച്ച് രക്ഷിതാക്കൾ

പരപ്പ
വിദ്യാവാഹിനി പദ്ധതി നിർത്തലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കൾ പരപ്പ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ് ഉപരോധിച്ചു. പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ 50 ഓളം രക്ഷിതാക്കൾ ചൊവ്വ രാവിലെ 10.30ന് തുടങ്ങിയ ഉപരോധം വൈകിട്ട് 6.30 ഓടെയാണ് അവസാനിച്ചത്. വെള്ളരിക്കുണ്ട് എസ്ഐ മനു പി ചെറിയാൻ സമരക്കാരും ട്രൈബൽ ഓഫീസർ ജോ ഡേവീസ് എന്നിവരുമായി നടത്തിയ ചർച്ചയിൽ ബുധനാഴ്ച രാവിലെ 10ന് വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വാഹന ഉടമകളും, ട്രൈബൽ അധികൃതരും, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ച് തീരുമാനം എടുക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിന് സിപിഐ എം ലോക്കൽ സെക്രട്ടറി കെ ദിനേശൻ, അഡ്വ. സുമിത് ലാൽ, അഡ്വ. ഗിരിജ, എം, കുഞ്ഞമ്പു, ചന്ദ്രൻ പുഞ്ച എന്നിവർ നേതൃത്വം നൽകി. പട്ടികവർഗ വിദ്യാർഥികളെ സ്‌കൂളിലെത്തിക്കുന്ന ‘വിദ്യാവാഹിനി’ പദ്ധതിയിൽ ഫണ്ട് നൽകാത്തതിനാൽ തിങ്കളാഴ്‌ച വാഹന ഉടമകൾ സർവീസ് നിർത്തിവച്ചിരുന്നു. വാഹനമില്ലാത്തതിനാൽ മാലോത്ത് കസബ കസബ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ തിങ്കളാഴ്ച 237 കുട്ടികൾ സ്കൂളിൽ എത്തിയിയിരുന്നില്ല. മലയോരത്ത് 70 ശതമാനം പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. ഈ സ്‌കൂളിൽ വിദ്യാവാഹിനി പദ്ധതിയിലൂടെ 12 കിലോമീറ്ററോളം ദൂരത്തുനിന്ന് രണ്ട് ഓട്ടോറിക്ഷകളിലും 11 ജീപ്പുകളിലുമായി 237 കുട്ടികളാണ് ദിവസവും സ്കൂളിലെത്തിയിരുന്നത്. 2017-–18 കാലഘട്ടത്തിൽ ആരംഭിച്ച ഈ പദ്ധതി ഇതുവരെയും നല്ല രീതിയിൽ നടപ്പായിരുന്നു. യുഡിഎഫ് സർക്കാർ വന്നതിന് ശേഷമാണ് ഫണ്ട് മുടങ്ങിയത്. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ട്രൈബൽ ഡിപ്പാർട്ടമെന്റ് വാഹന ഉടമകളിൽനിന്ന് ടെണ്ടർ ക്ഷണിച്ചാണ് പദ്ധതിക്കാവശ്യമായ വാഹനം കണ്ടെത്തിയിരുന്നത്. ഇതേ മാനദണ്ഡത്തിലാണ് 2026 ജൂൺ മുതൽ പദ്ധതിതുടർന്നതും. എന്നാൽ ഒക്ടോബർ മാസത്തിൽ ഡിപ്പാർട്ട്‌മെന്റിൽനിന്ന് വാഹന ഉടമകൾക്ക് വിചിത്രമായ ഒരു നിർദേശമാണ് ലഭിച്ചത്. സർക്കാർ നിരക്കിനേക്കാൾ അധികമാണ് ക്വട്ടേഷനിൽ കാണിച്ചതെന്നും ഇതിൽ മാറ്റം വരുത്തി പുതിയ ക്വട്ടേഷൻ നൽകിയാലെ പഴയതുപോലും അനുവദിക്കാൻ പറ്റുകയുള്ളു എന്നുമാണ് അറിയിപ്പ്. ഇതുമൂലം കഴിഞ്ഞ അഞ്ച് മാസം ഓടിയ വാടകയിനത്തിൽ ഈ വാഹന ഉടമകൾക് മാത്രം 18 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. ഈ നിലപാടിൽ പതിഷേധിച്ചാണ് വാഹന ഉടമകൾ ഓട്ടം നിർത്തിയത്.









0 comments