ad
Deshabhimani

വേനൽമഴ കനിയുന്നില്ല

കൊടും ചൂട്‌

Extreme heat

ചുമടുതാങ്ങാം.. ചൂടോ? കനത്ത ചൂടിൽ വലയുകയാണ് നഗരം. എറണാകുളം പൊന്നുരുന്നി പാലത്തിനുസമീപം കനത്തചൂടിനെ അവഗണിച്ച് ജോലിചെയ്യുന്ന നിർമാണത്തൊഴിലാളികൾ 
 കനത്ത ചൂടിൽ വലയുകയാണ് നഗരം. എറണാകുളം പൊന്നുരുന്നി പാലത്തിനുസമീപം കനത്തചൂടിനെ അവഗണിച്ച് ജോലിചെയ്യുന്ന നിർമാണത്തൊഴിലാളികൾ / ഫോട്ടോ: വി കെ അഭിജിത്

avatar
സ്വന്തം ലേഖകൻ

Published on Apr 26, 2026, 02:23 AM | 2 min read

കൊച്ചി


ജില്ലയിൽ താപനില ഉയർന്ന നിലയിൽ തുടരുന്നു. ശനിയാഴ്‌ച 37 ഡിഗ്രിയായിരുന്നു താപനില. വരുംദിവസങ്ങളിലും ഇത് തുടരുമെന്നാണ്‌ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


സാധാരണയേക്കാൾ മൂന്നുമുതൽ നാലുഡിഗ്രിവരെ ഉയർന്ന താപനിലയാണ്‌ ജില്ലയിൽ അനുഭവപ്പെടുന്നത്‌.

രാവിലെ പത്തുമുതൽ മൂന്നുവരെ നേരിട്ട്‌ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന നിർദേശമുണ്ട്‌. പുറത്തിറങ്ങിയാൽ പൊള്ളുന്ന സ്ഥിതിയാണ്‌. സൂര്യാതപമേറ്റ സംഭവങ്ങളും ജില്ലയിലുണ്ടായി. വേനൽക്കാലരോഗങ്ങൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യവകുപ്പും മുന്നറിയിപ്പ്‌ നൽകി. കാർഷിക, മൃഗസംരക്ഷണ, നിർമാണ രംഗങ്ങൾ ഉൾപ്പെടെ കനത്തചൂടിൽ പ്രതിസന്ധിനേരിടുന്നു. ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികളും പ്രതിസന്ധിയിലാണ്‌.


വീടുകളിലും പരിസരത്തും പാന്പുകളുടെ സാന്നിധ്യവും ഭീതിപ്പെടുത്തുന്നു. പാന്പുകടിയേറ്റാൽ നൽകാനുള്ള ആന്റിവെനം ജില്ലയിലെ 15 സർക്കാർ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ട്‌.

വേനൽമഴയും ജില്ലയിൽ കാര്യമായി ലഭിച്ചിട്ടില്ല. മാർച്ച്‌ ഒന്നുമുതൽ ഏപ്രിൽ 25വരെ സാധാരണഗതിയിൽ ലഭിക്കേണ്ടിയിരുന്നത്‌ 125.8 മില്ലിമീറ്റർ മഴയാണ്‌. എന്നാൽ പെയ്‌തതാകട്ടെ 68.9 മില്ലിമീറ്ററും.


ഞായറാഴ്‌ച നേരിയതോതിൽ മഴ ലഭിച്ചേക്കാമെന്നാണ്‌ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടമലയാർ അണക്കെട്ടിൽ ഉൾപ്പെടെ ജലത്തിന്റെ അളവ്‌ കുറയുന്നു. ഇടമലയാറിൽ ആകെ സംഭരണശേഷിയുടെ 29.76 ശതമാനമാണ്‌ ജലം. കിണറുകളിലെയും നദികളിലെയും ജലവിതാനം താഴുന്നതും ആശങ്ക ഉയർത്തിയിട്ടുണ്ട്‌.


വേണം അതിജാഗ്രത


കൊച്ചി


വേനൽ കനക്കുന്ന സാഹചര്യത്തിൽ പ്രത്യേക രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണെന്ന്‌ ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ്‌ നൽകി. ജലജന്യരോഗങ്ങളായ കോളറ, വയറിളക്കം എന്നിവയും പകർച്ചവ്യാധികളായ ചെങ്കണ്ണ്‌, മലേറിയ, വൈറൽപ്പനി എന്നിവയ്‌ക്കും സാധ്യതയുള്ളതിനാൽ ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും ശുചിത്വം ഉറപ്പുവരുത്തണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ആർ ഷാഹിർഷാ പറഞ്ഞു.

ശരീരത്തിൽ വെള്ളം കുറയുന്നതുമൂലം തലചുറ്റൽ, ക്ഷീണം, വരണ്ട ത്വക്ക് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്ന ഡീഹൈഡ്രേഷൻ (ജലക്ഷയം) എന്നിവയാണ്‌ വേനൽക്കാല ആരോഗ്യ പ്രശ്‌നങ്ങളിൽ പ്രധാനമായത്‌. അമിതമായ ചൂടുമൂലം ശരീരതാപനില ഉയരുന്നത് ഹീറ്റ് സ്‌ട്രോക്ക് (ചൂടേറ്റത്) എന്ന ഗുരുതരമായ അവസ്ഥയ്‌ക്ക്‌ കാരണമാകും. വേനൽക്കാലത്ത്‌ ഭക്ഷ്യവിഷബാധയും ചർമരോഗങ്ങളും ധാരാളമായി കണ്ടുവരുന്നു.


വേനൽക്കാലത്ത് ചില വൈറസ് രോഗങ്ങൾക്കും സാധ്യതയുണ്ട്‌. കുടിവെള്ളം ശുദ്ധമല്ലെങ്കിൽ ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്‌. ഒരാൾ ദിവസം 2.5 മുതൽ മൂന്നുലിറ്റർവരെ വെള്ളം കുടിക്കണം. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത്‌ ഒഴിവാക്കണം. പുറത്ത് പോകേണ്ടിവന്നാൽ തലക്കെട്ട്, കുട, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക. പുതിയതും ശുദ്ധവുമായ ഭക്ഷണംമാത്രം കഴിക്കുക, കൈകൾ വൃത്തിയായി കഴുകുക, ഇളംനിറമുള്ള വസ്ത്രങ്ങൾ ധരിക്കുക. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ്‌ നിർദേശം നൽകി. അമിതമായ തലചുറ്റൽ, ബോധക്ഷയം, തുടർച്ചയായ ഛർദ്ദി, വയറിളക്കം, ഉയർന്ന ശരീരതാപനില എന്നിവയുണ്ടായാല്‍ ഏറ്റവും അടുത്ത പ്രാഥമികകേന്ദ്രത്തിൽ എത്തി ഡോക്ടറെ കാണണമെന്നും ഡിഎംഒ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home