പഴമയെ പരിചയപ്പെടുത്തി എക്സിബിഷൻ

മുളന്തുരുത്തി
ഓലപ്പുരയിൽത്തീർത്ത അടുക്കള, ഒന്നരനൂറ്റാണ്ടുമുന്പുള്ള പാചക ഉപകരണങ്ങൾ, 150ലേറെ പൈതൃക ഭക്ഷ്യവിഭവങ്ങൾ. മലയാളികൾ മറന്നുതുടങ്ങിയ പഴമയുടെ രുചിഭേദങ്ങൾ ഒരുക്കിയ എക്സിബിഷൻ കാണികൾക്ക് കൗതുകവും രുചിഭേദവും പകർന്നു. മുളന്തുരുത്തി സുന്നഹദോസ്, മലങ്കരസഭയിലെ ആദ്യ മൂറോൻ കൂദാശ, പരുമല തിരുമേനിയുടെ മെത്രാഭിഷേകം തുടങ്ങിയ ചരിത്രമൂഹൂർത്തങ്ങൾക്ക് 150 വയസ്സ് പൂർത്തിയാകുന്നതിന്റെ ഭാഗമായി മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ ഹെറിറ്റേജ് എക്സിബിഷനിലാണ് കൗതുകക്കാഴ്ച ഒരുങ്ങിയത്.
27ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഭാഗമായി പള്ളിയുടെ നാടകശാലയിൽ നിർമിച്ച ഹെറിറ്റേജ് വാക്‌വേ മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും പൈതൃകഭക്ഷ്യമേള മന്ത്രി അനൂപ് ജേക്കബും ഉദ്ഘാടനം ചെയ്തു. ഇടവകയിലെ വീടുകളിൽനിന്ന് പാചകംചെയ്ത ഭക്ഷണപദാർഥങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചത്.
രുചിയൂറുന്ന പൈതൃകവിഭവങ്ങൾ ഇടവകാംഗങ്ങൾതന്നെ ലേലംവിളിച്ച് സ്വന്തമാക്കി. ഫാ. ഈയോബ് ഒഐസി ഒരുക്കിയ ചരിത്രപ്രദർശനവും നടന്നു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ഫാ. ജോബ് ഡേവിസ്, ഫാ. സഞ്ജയ് ഏലിയാസ്, ഫാ. സജോ തോമസ്, ഫാ. അലക്സ് പി ജോർജ്, ഫാ. കെ ടി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.










0 comments