ad
Deshabhimani

ഇഎസ്ഐ ആശുപത്രികളിൽ 
ഡോക്ടർമാരില്ല, മരുന്നിനും ക്ഷാമം

Esi Hospitals
avatar
സ്വന്തം ലേഖകൻ

Published on Jul 15, 2026, 12:44 AM | 1 min read

കൊച്ചി

ഇഎസ്ഐ ആശുപത്രികളില്‍ മരുന്നും ഡോക്ടറുമില്ലാത്തതിനാൽ രോഗികൾ വലയുന്നു. ജൂണ്‍ ആറിന് ഫോർട്ട് കൊച്ചി ഇഎസ്ഐ ആശുപത്രിയിലെ മരുന്ന് സബ് സ്റ്റോറിൽ വൻ തീപിടിത്തമുണ്ടായി കോടിക്കണക്കിന് രൂപയുടെ മരുന്ന് കത്തിനശിച്ചു. ഇവിടെനിന്നാണ് തൃശൂര്‍, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് വിതരണം നടന്നിരുന്നത്. ഇതോടെ നാല് ജില്ലകളിലും മരുന്ന് ക്ഷാമം രൂക്ഷമായി.


ജില്ലയിലെ ഇഎസ്ഐ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമവും രൂക്ഷമാണ്. മഹാരാജാസിനു സമീപമുള്ള മള്‍ട്ടി ഡോക്ടര്‍ ആശുപത്രിയായ ഇഎസ്ഐ നമ്പർ 1 എറണാകുളം ഡിസ്പെൻസറിയിൽ നാല്‌ അലോപ്പതി ഡോക്‌ടർമാരുടെ തസ്തികയുണ്ടെങ്കിലും രാവിലെയും ഉച്ചയ്ക്കുശേഷവുമായി ഓരോ ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. ആയുര്‍വേദം, ഹോമിയോ വിഭഗങ്ങളിൽ ഓരോ ഡോക്ടര്‍മാരുമുണ്ട്. ദിവസവും രാവിലെ മാത്രം നൂറിനു മുകളില്‍ രോഗികള്‍ ജില്ലയുടെ പലഭാഗത്തുനിന്നായി ഇവിടെ ചികിത്സയ്ക്കെത്തുന്നു.


ഒരുനേരം ഒരു ഡോക്ടര്‍മാത്രം സേവനത്തിലുള്ളതിനാല്‍ രോഗികള്‍ വൈകിട്ടുവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇവിടെനിന്ന്‌ ഒരു ഡോക്ടര്‍ ഇതിനിടെ കളമശേരിയിലേക്ക് സ്ഥലംമാറിപ്പോയി. ഇവിടെനിന്ന് റെഫര്‍ ചെയ്യുന്നവര്‍ക്കാണ് നോര്‍ത്ത്, പാതാളം ഇഎസ്‌ഐ ആശുപത്രികളില്‍ ചികിത്സ ലഭിക്കുക.


കളമശേരിയിലേക്ക് സ്ഥലംമാറിപ്പോയ ഡോക്ടര്‍ക്ക് പകരം നമ്പര്‍ 2 ഡിസ്പെന്‍സറി വൈറ്റിലയില്‍നിന്ന്‌ ഒരാളെ രണ്ടാഴ്ചമുന്പ്‌ എറണാകുളത്തേക്ക്‌ സ്ഥലംമാറ്റി. വൈറ്റിലയിലും ഡോക്ടര്‍മാര്‍ പരിമിതമായതിനാല്‍ ഇവര്‍ക്ക് അവിടെനിന്ന്‌ റിലീവ് ചെയ്യാനായില്ല. വൈറ്റിലയിലെ ഇൻഷുറൻസ്‌ മെഡിക്കൽ ഓഫീസർ ആണ് മെയ് നാലുമുതല്‍ നോര്‍ത്ത് ഇഎസ്ഐ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നത്. അവരുടെ സേവനം ഇപ്പോള്‍ വൈറ്റിലയ്ക്ക് ലഭിക്കുന്നില്ല. ഇവര്‍ക്ക് ചുമതല നല്‍കാതെ സ്ഥാനക്കയറ്റം നല്‍കിയാല്‍ പിഎസ്‌സി റാങ്ക്‌ പട്ടികയിൽ നിന്ന് സര്‍ക്കാരിന് നിയമനം നടത്താം, അതുവഴി ഡോക്ടറുടെ കുറവ് പരിഹരിക്കാം.


നോർത്ത് ആശുപത്രിയിലെ സൂപ്രണ്ടിന്‌ റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ് വൈറ്റില മെഡിക്കല്‍ ഓഫീസര്‍ക്ക് സൂപ്രണ്ടിന്റെ ചുമതല നല്‍കിയത്. തൊഴില്‍വകുപ്പിന്റെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റില്‍നിന്നാണ് ഡോക്ടര്‍മാരുടെ നിയമനം നടത്തേണ്ടത്.

ജില്ല, റീജണൽ, സ്റ്റേറ്റ് ചുമതലയുള്ള ആശുപത്രി സൂപ്രണ്ട്, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വകുപ്പ് ഡയറക്ടർ എന്നീ നിയമനങ്ങൾ സംസ്ഥാന സർക്കാർ നേരിട്ടാണ് നടത്തേണ്ടത്. ഇതിൽ സർക്കാർ നടപടികൾ വൈകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home