എറണാകുളം ഗവ. മെഡിക്കൽ കോളേജ്
പ്രവര്‍ത്തനം നിലച്ച് മാതൃ–ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്
കൊച്ചി
2026 മാര്‍ച്ചില്‍ എറണാകുളം ഗവ. മെഡിക്കൽ കോളേജില്‍ ഉദ്ഘാടനം ചെയ്ത മാതൃ–ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു. പടിപടിയായി ഓരോ വിഭാഗങ്ങള്‍ ഇവിടേക്ക് മാറ്റി പൂര്‍ണമായി ബ്ലോക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രി മന്ദിരങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കെട്ടിടമെന്ന സവിശേഷതയുള്ള ബ്ലോക്കിലേക്ക് റേഡിയോളജി വിഭാഗത്തെ മാറ്റിയശേഷമാണ് മാര്‍ച്ച് മൂന്നിന് ഉദ്ഘാടനം ചെയ്തത്.
കിഫ്‌ബി വഴി 286.66 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം, ഉപകരണങ്ങൾ, ഫർണിച്ചര്‍ തുടങ്ങിയവ ഒരുക്കിയത്. ആറ് ബ്ലോക്കുകളിലായി എട്ടുനില കെട്ടിടം. 8.5 ലക്ഷം ചതുരശ്രയടി വിസ്തീർണം. 18 ലിഫ്റ്റ്, 16 ഓപ്പറേഷൻ തിയറ്റര്‍, 842 ബെഡ്, 715 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യം, ഓക്സിജൻ, ആർഒ പ്ലാന്റുകൾ, സബ് സ്റ്റേഷൻ, ജലലഭ്യതയ്ക്കുള്ള സൗകര്യങ്ങളും. സ്കാനിങ്, എക്സറേ ആധുനിക മെഷീനുകൾ എന്നിവയും മന്ദിരത്തിലൊരുക്കി സര്‍വസജ്ജമാക്കിയിരുന്നു.
കാർഡിയോ വാസ്കുലാർ ഉൾപ്പെടെ 90 തസ്തികകളും മെഡിക്കൽ കോളേജിൽ പുതുതായി സൃഷ്ടിച്ചു. ശിശുരോഗവിഭാഗം, നെഫ്രോളജി, യൂറോളജി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, അവയവദാനം കോ–ഓർഡിനേറ്റർ, ഫീമെയിൽ റേഡിയോളജി, ന്യൂറൊസർജറി, ന്യൂറോളജി വാർഡ്, ഒപി, നെഫ്രാേളജി, യൂറോളജി വാർഡ്, ഡയാലിസിസ് സെന്റർ, ശിശുരോഗവിഭാഗം വാർഡ്, ട്രാൻസ്‌പ്ലാന്റ് ഓപ്പറേഷൻ തിയറ്റർ, പീഡിയാട്രിക് സർജറി, കാത്ത് ലാബ് സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ സൗകര്യവും ഒരുക്കി.
എന്നാല്‍, വി ഡി സതീശന്‍ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭയും ആരോഗ്യമന്ത്രിയായി കെ മുരളീധരനുമെത്തിയതോടെ സ്ഥിതിമാറി. ബ്ലോക്കിലേക്ക് ഒരു വിഭാഗവും മാറ്റിയില്ലെന്ന് മാത്രമല്ല ഇവിടെയുണ്ടായിരുന്ന റേഡിയോളജി വിഭാഗം ജീവനക്കാരനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. എല്‍ഡിഎഫ് ഇവിടേക്കായി സൃഷ്ടിച്ച തസ്തികകള്‍ മറ്റു മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുകകൂടി ചെയ്തതോടെ എറണാകുളം മെഡിക്കല്‍ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. ഒപിപോലും ഇവിടേക്ക് മാറ്റാന്‍ സര്‍ക്കാരിനായില്ല. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനെയും അത്യാധുനിക ഉപകരണങ്ങളെയും മഴയും വെയിലുമേറ്റ് നശിക്കാന്‍വിടുകയാണ് ആരോഗ്യവകുപ്പ്.









0 comments