print edition ഭാസ്‌കരൻ പഠിക്കും, ഇനിയുമിനിയും

ഭാസ്‌കരൻ
വേങ്ങര : വയസ്സ് പഠനത്തിനൊരു തടസ്സമാണോ. അല്ലെന്നാണ് വേങ്ങര വലിയോറയിലെ വഴുതനയിൽ ഭാസ്‌കരൻ പറയുക. എഴുപത്തഞ്ചാം വയസ്സിൽ രണ്ടാം ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നാണ് ഭാസ്‌കരൻ പഠനവഴിയിൽ പ്രായത്തെ തോൽപ്പിക്കുന്നത്. പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മർദമാണ് വഴുതനയിൽ ഭാസ്‌കരനെ പ്രവാസിയാക്കിയത്. 1976ൽ ദുബായ് മുനിസിപ്പാലിറ്റിയിൽ സാധാരണ തൊഴിലാളിയായി.
2011ൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. അപ്പോഴും ഔദ്യോഗിക പഠനമെന്ന സ്വപ്‌നം ബാക്കിയായി. സാക്ഷരതാ മിഷൻവഴിയാണ് ഹയർ സെക്കൻഡറി വിജയിച്ചത്. തുടർന്ന് കലിക്കറ്റ് സർവകലാശാലാ വിദൂര പഠനവിഭാഗത്തിൽനിന്ന് മലയാളത്തിൽ ബിരുദ പഠനം പൂർത്തിയാക്കി. ഈ വർഷം ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 82.2 ശതമാനം മാർക്കോടെയായിരുന്നു വിജയം.
പഠനകാലത്ത് മത്സരങ്ങളിൽ കഴിവ് തെളിയിക്കാൻ കിട്ടിയ അവസരവും വിട്ടുകൊടുത്തില്ല. പിജി പഠനകാലത്ത് റീജിയൻതല മത്സരത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രബന്ധരചനയിലും കവിതാ രചനയിലും ഒന്നാംസ്ഥാനം നേടി.
സാമൂഹിക മാധ്യമങ്ങളിൽ ആനുകാലിക സാഹിത്യ– രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം ഇടപെടാറുള്ള ഭാസ്‌കരൻ തുടർപഠനത്തിന് തെരഞ്ഞെടുത്ത വിഷയം ചരിത്രമാണ്. വീണ്ടും കലിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോൾ തറവാട്ടിൽ എത്തിച്ചേർന്ന ആഹ്ലാദത്തിലാണ് അദ്ദേഹം. ഭാര്യ: രമണി. മക്കൾ: ബിപിൻ (മെക്കാനിക്കൽ എൻജിനിയർ, ദുബായ്), നിമ്മി.








0 comments