ആരോഗ്യത്തോടെ
ആരോഗ്യമേഖലയിൽ കൊച്ചിയുടെ കുതിപ്പിന് കൈത്താങ്ങായി എൽഡിഎഫ് സർക്കാർ

‘ചികിത്സാച്ചെലവ് കുറവ്, മികച്ച സൗകര്യം’
‘സ്വകാര്യ ആശുപത്രിയിൽ അഞ്ചുമുതൽ ആറുലക്ഷം രൂപവരെ ചെലവുവരുന്ന ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ രണ്ടുലക്ഷത്തിൽ താഴെമാത്രം ചെലവഴിച്ച് ചെയ്യാനായി. സർക്കാരിന്റെ കാരുണ്യ പദ്ധതിയിൽ അംഗമായിരുന്നെങ്കിൽ പൂർണമായും സൗജന്യചികിത്സ ലഭ്യമാകുമായിരുന്നു.’ ചികിത്സാചെലവ് കുറഞ്ഞതിലെ ആശ്വാസം പ്രകടിപ്പിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശി അരുൺകുമാർ. ‘കുറച്ചുദിവസമേ ആശുപത്രിവാസം വേണ്ടിവന്നുള്ളൂ. മികച്ച ഡോക്‌ടർമാരും ജീവനക്കാരും വൃത്തിയുള്ള അന്തരീക്ഷവും അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങളാണ് സർക്കാർ ആശുപത്രികളിൽ ഇപ്പോഴുള്ളത്’–- അരുൺ പറഞ്ഞു.
ഒമ്പത് വർഷത്തിനിടെ എറണാകുളം ഗവ. മെഡിക്കൽ കോളേജിന് നൽകിയത് 750 കോടി രൂപയാണ്. കിഫ്‌ബി ഫണ്ടും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെയാണിത്. സേവനം മെച്ചപ്പെടുത്താൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതിക്ക് തുടക്കംകുറിച്ചു. അപകടങ്ങളിലും രോഗംബാധിച്ചും അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. 285 കോടിയുടെ മാതൃ–-ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാകുകയാണ്. നിർമാണം ജൂലൈ അവസാനം പൂർത്തിയാകും. എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ ബ്ലോക്കും ഇതിനൊപ്പമുണ്ടാകും. 17 കോടിയുടെ 36 പദ്ധതികൾ നടപ്പാക്കി. 10 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതിയായി. ശ്വാസകോശസംബന്ധമായ ചികിത്സയ്‌ക്കുള്ള എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് സംവിധാനം കൊണ്ടുവന്നു. അടുത്തിടെ അനുവദിച്ച 43 പിജി സീറ്റുകളിൽ എറണാകുളം മെഡിക്കൽ കോളേജിന് 15 എണ്ണം ലഭിച്ചു.
അത്താണിയായി സിസിആർസി
‘ആറുവർഷമായി പ്രതിദിനം 560 രൂപയുടെ മരുന്ന് ആവശ്യമുള്ള രക്താർബുദ രോഗിയാണ് ഞാൻ, ഇക്കാലമത്രയും സൗജന്യമായിട്ടാണ് കൊച്ചിൻ ക്യാൻസർ സെന്ററിൽനിന്ന് മരുന്ന് ലഭിക്കുന്നത്. ഒരുദിവസംപോലും മുടങ്ങിയിട്ടില്ല’ പുക്കാട്ടുപടി മുതിരക്കാട്ടുമുകൾ കൂനംപറമ്പിൽ കെ സുനിൽകുമാർ പറയുന്നു. ‘എൽഡിഎഫ് സർക്കാരുള്ളതുകൊണ്ടുമാത്രമാണ് സിസിആർസി സാധ്യമായത്. തിരുവനന്തപുരം ആർസിസിയിൽ പോയി ചികിത്സ നടത്താൻ സാധ്യമല്ലാത്തവർക്കും ചികിത്സാചെലവ് ഭയന്ന് സ്വകാര്യ ആശുപത്രിയിൽ പോകാൻ മടിക്കുന്നവർക്കും ഇവിടം അത്താണിയാണെന്നും സുനിൽകുമാർ പറഞ്ഞു.
എറണാകുളം ഗവ. മെഡിക്കൽ കോളേജിന്റെ ക്യാമ്പസിലെ 12 ഏക്കറിൽ 384 കോടി രൂപ ചെലവഴിച്ചാണ് സിസിആർസിയുടെ കെട്ടിടം പൂർത്തിയായത്. ഒമ്പതുനിലകളിലായി 365 കിടക്കയുള്ള ആശുപത്രിയിൽ ആദ്യഘട്ടത്തിൽ 100 കിടക്കയുണ്ടാകും. 10 ഓപ്പറേഷൻ തിയറ്ററുകളിൽ ഒന്ന് പൂർത്തിയായി. എട്ടെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ഉൾപ്പെടെ പൂർത്തിയായി. വൈദ്യുതി കണക്‌ഷൻ, അഗ്നി രക്ഷാസേന എൻഒസി, മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി എന്നിവ ലഭിച്ചു. കുടിവെള്ള കണക്ഷൻ ലഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചു. സ്കാനിങ് മെഷീനുകൾ ഉൾപ്പെടെയുള്ള പ്രധാന ഉപകരണങ്ങൾ സജ്ജമാക്കി. 16 ലിഫ്‌റ്റുകളും 550 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

മികവിൽ മികച്ചത് എറണാകുളം ജനറൽ ആശുപത്രി
സി വി മാർട്ടിൻ ഡയാലിസിസ് തുടങ്ങിയിട്ട് 10 വർഷത്തിലധികമായി. ‘‘ആദ്യ 10 മാസം സ്വകാര്യ സംവിധാനങ്ങളെ ആശ്രയിച്ചു. പണം ഒരുപാട് ചെലവായി. ഏഴുവർഷമായി എറണാകുളം ജനറൽ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഒരു ഡയാലിസിസിന് 200 രൂപമാത്രമാണ് ചെലവ്. ആഴ്ചയിൽ മൂന്നുദിവസം ചെയ്യണം. അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ആശുപത്രിയുടെ കെട്ടും മട്ടും മാറിയതിന് നേർസാക്ഷിയാണ് ഞാൻ. എന്നെപ്പോലെ എത്രയധികം രോഗികൾക്കാണ് ഈ സർക്കാർ സംവിധാനം താങ്ങും തണലുമായത്''–- മാർട്ടിൻ പറഞ്ഞു. പ്രവാസിയായിരുന്ന മാർട്ടിൻ കലൂർ ആസാദ് റോഡിലെ സ്വന്തം വീടായ ചമ്മണിക്കോടത്താണ് ഇപ്പോൾ താമസം.
മാർട്ടിനെപ്പോലെ നിരവധിപേർക്ക് ആശ്രയം ഒരുക്കുന്നതിനൊപ്പം ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കുള്ള ഒരുക്കത്തിലാണ് എറണാകുളം ജനറൽ ആശുപത്രി. നേപ്പാൾ സ്വദേശിനിക്കാണ് ഹൃദയം മാറ്റിവയ്‌ക്കുന്നത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (കെ-–-സോട്ടോ) രജിസ്റ്റർ ചെയ്‌ത രോഗി അനുയോജ്യമായ ഹൃദയം ലഭിക്കാനുള്ള കാത്തിരിപ്പിലാണ്. ലഭ്യമാകുന്നമുറയ്‌ക്ക് സൗജന്യമായാണ് ശസ്‌ത്രക്രിയ. സ്വകാര്യ ആശുപത്രികളിൽ 15 മുതൽ 20 ലക്ഷം രൂപവരെ ചെലവ് വരും. ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കുള്ള അനുമതിപത്രം നേടിയ രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയാണിത്. 2024 ഡിസംബർ ഒന്നിനാണ് കെ–-സോട്ടോയുടെ അനുമതിപത്രം ലഭിച്ചത്.
കിഫ്‌ബി ഫണ്ടിൽനിന്ന് 70 കോടി രൂപ ചെലവഴിച്ച് നിർമിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് ഹൃദയശസ്‌ത്രക്രിയ വിഭാഗം. ആധുനിക സജ്ജീകരണങ്ങളുള്ള ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സിലാണ് ശസ്‌ത്രക്രിയ നടത്തുക. ഹൃദയം തുറന്നുള്ള 15 എണ്ണമടക്കം അറുപതിലേറെ കാർഡിയോതൊറാസിക് ശസ്‌ത്രക്രിയകൾ ഒരുമാസം ഇവിടെ നടക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്ന ജനറൽ ആശുപത്രിയെന്ന നേട്ടവും കൈവരിച്ചു. ആശുപത്രിയിൽ 25 കോടിയുടെ ക്യാൻസർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാക്കി. പ്രസവ വാർഡിന്റെ പദ്ധതിക്ക് 1.5 കോടിയുടെ പദ്ധതി കൊണ്ടുവന്നു. ന്യൂറോ ഐസിയുവിനായി അഞ്ചുലക്ഷവും നീക്കിവച്ചു.
ഏലൂർ പ്രൈമറി ഹെൽത്ത് സെന്റർ
യുഡിഎഫ് ഭരണകാലത്ത് മരുന്നും ജീവനക്കാരുമില്ലാതെ നാട്ടുകാർ കൈയൊഴിഞ്ഞ ഏലൂർ പ്രൈമറി ഹെൽത്ത് സെന്റർ 2018ലെ പ്രളയത്തോടെ പൂർണമായും തകർന്നുപോയിരുന്നു. 12,000 ചതുരശ്രയടിയിൽ പണിത പുതിയ കെട്ടിടം 2023 ജനുവരിയിലാണ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തത്. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുകയും ചെയ്‌തു. ഇന്ന് ഏലൂർ നഗരസഭാ പ്രദേശത്തെ സാധാരണക്കാർക്കായി സ്തുത്യർഹമായ സേവനം കാഴ്ചവച്ച് മുന്നേറുന്നു. പ്രതിദിനം മുന്നൂറോളംപേർ ചികിത്സ തേടുന്ന ഇവിടെ മരുന്നിനും മറ്റുമായി നഗരസഭ ഒരുകോടിയിലേറെ രൂപ പ്രതിവർഷം ചെലവഴിക്കുന്നു. ഓപ്പൺ ജിം, കുട്ടികൾക്കുള്ള പാർക്കുകൾ എന്നിവയുമുണ്ട്.

മൂത്തകുന്നം സാമൂഹ്യാരോഗ്യകേന്ദ്രം
പ്രതിപക്ഷനേതാവ് വി ഡി സതീശനെ പതിവായി ജയിപ്പിച്ചുവിടുന്ന പറവൂർ മണ്ഡലത്തിലായിരുന്നിട്ടും വർഷങ്ങളായി രോഗശയ്യയിലായിരുന്നു മൂത്തകുന്നം സാമൂഹ്യാരോഗ്യകേന്ദ്രം. അവഗണനയുടെ അങ്ങേയറ്റത്തുനിന്ന് ചികിത്സാലയത്തെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാരുകളാണ്.
സംസ്ഥാന സർക്കാരിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടപെടലിൽ ഒരു വർഷംമുമ്പ് കിടത്തിച്ചികിത്സ പുനരാരംഭിച്ചു. പഴക്കംചെന്ന കെട്ടിടം നവീകരിച്ചു. 35 കിടക്കകൾ ഓക്‌സിജൻ സൗകര്യത്തോടെ സജ്ജീകരിച്ചു. കുട്ടികളുടെ വാർഡും പ്രസവ വാർഡും നവീനമാക്കി.
പുതുവൈപ്പ് ഹെൽത്ത് സെന്റർ
കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ പുതുവൈപ്പ് ഹെൽത്ത് സെന്റർ മികവിന്റെ ഇടമായി. പഴയ ഹെൽത്ത് സെന്ററിനോട് ചേർന്ന്, മികച്ച സൗകര്യങ്ങളുമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. അഞ്ച് ഡോക്‌ടർമാർക്ക് ഇരിക്കാനുള്ള മുറി, കാത്തിരിപ്പുകേന്ദ്രം, മറ്റു ചികിത്സാസംവിധാനങ്ങൾ എന്നിവ സജ്ജം.










0 comments