Deshabhimani

ആനുകൂല്യങ്ങൾ ലഭിക്കാതെ പടിയിറക്കം

മാനുഷിക പരിഗണനയില്ല : ഗവ. മെഡിക്കൽ കോളേജിൽ 26 ജീവനക്കാരെ പിരിച്ചുവിട്ടു

Govt. Medical College
വെബ് ഡെസ്ക്

Published on Nov 02, 2026, 04:43 AM | 2 min read

കളമശേരി


എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 26 പേരെ പിരിച്ചുവിട്ടു. ശനി വൈകിട്ടോടെ 26 പേരെ സേവനത്തിൽനിന്ന് വിടുതൽ ചെയ്ത് പ്രിൻസിപ്പൽ ഉത്തരവിറക്കി. തിങ്കളാഴ്ച ഇവർക്ക് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിരുന്നതാണ്. നിയമ പ്രകാരമുള്ള നടപടികളൊന്നും പാലിക്കാതെയാണ് 60ന് മുകളിൽ പ്രായമുള്ളവരുടെ സേവനം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.


സഹകരണ മേഖലയിലായിരുന്ന മെഡിക്കൽ കോളേജ് 2013ൽ സർക്കാർ ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് (ഡിഎംഇ) കീഴിലാക്കി. അന്ന് നിലവിലുണ്ടായിരുന്ന കരാർ ജീവനക്കാർക്കായി 315 തസ്തിക സൃഷിച്ചിരുന്നു. ആ തസ്തികകളിൽ നിലവിൽ ജോലി ചെയ്യുന്ന 214 പേരെ കഴിഞ്ഞ മാർച്ചിൽ എൽഡിഎഫ്‌ സർക്കാർ സ്ഥിരപ്പെടുത്തി. അതിൽ ഉൾപ്പെട്ടവരെയാണ് ഇപ്പോൾ പിരിച്ചുവിട്ടത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകർക്ക് 62 ഉം മറ്റുള്ളവർക്ക് 60 ഉം ആണ് വിരമിക്കൽ പ്രായം. പാർട്ട്ടൈം ജീവനക്കാർ എഴുപതിലാണ് വിരമിക്കുന്നത്. ക്ലീനിങ് വിഭാഗത്തിലും മറ്റ് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലും പ്രവർത്തിച്ചു വരുന്നവരാണ് ഇപ്പോൾ പുറത്തായ 26 പേർ.


ഇവർക്ക് സ്ഥിരം ജീവനക്കാർക്കുള്ള നമ്പറോ (പിഇഎൻ) സ്കെയിൽ അനുസരിച്ചുള്ള ശമ്പളമോ കിട്ടിത്തുടങ്ങിയിട്ടില്ല. ഇവർക്ക് 2016 മുതൽ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. എന്നാൽ നിലവിലുള്ളത് പങ്കാളിത്ത പെൻഷൻ പദ്ധതിയായതിനാൽ ഇവർക്കുള്ള പ്രതിമാസ പെൻഷൻ എങ്ങിനെ കണക്കാക്കുമെന്നും ഉത്തരവിലില്ല.


മാനുഷിക പരിഗണ വേണം: സിഐടിയു


കളമശേരി


ഏറെക്കാലം മെഡിക്കൽ കോളേജിൽ ജോലി ചെയത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ വിരമിക്കുന്ന ജീവനക്കാരോട് അധികാരികൾ മാനുഷിക പരിഗണന കാണിക്കണമെന്ന് സിഐടിയു കളമശേരി ഏരിയ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇവരുടെ സേവനം അവസാനിപ്പിക്കുന്നതിന് മുമ്പ് നിയമാനുസൃത നടപടി പാലിച്ചില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായിരുന്ന ഇവരെ തുടർന്നും താൽക്കാലിക വിഭാഗത്തിൽ പ്രവർത്തിക്കാൻ ആശുപത്രി വികസന സമിതി ഇടപെടണമെന്ന് ഏരിയ സെക്രട്ടറി പി എം മുജീബ് റഹ്മാൻ പറഞ്ഞു.


എൻഎച്ച്എം പട്ടികയിൽ 
8 പേർ പുറത്ത്


കളമശേരി


എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ എൻഎച്ച്എം ജീവനക്കാരുടെ പുതിയ പട്ടികയിൽ നിലവിൽ ജോലിയിലുള്ള എട്ടുപേർ പുറത്ത്. ആറുമാസം കൂടുമ്പോൾ ജില്ലാ ഓഫീസിൽനിന്ന് നൽകുന്ന പുതുക്കൽ പട്ടിക അനുസരിച്ചാണ് എൻഎച്ച്എം ജീവനക്കാർ എത്തുന്നത്. പുതിയ പട്ടിക വന്നതോടെയാണ് നിലവിലെ ജീവനക്കാരിൽ എട്ടുപേർക്ക് അവസരം നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് മെഡിക്കൽ കോളേജിന് അറിയിപ്പ്‌ ലഭിച്ചിട്ടില്ല. പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അപ്പീൽ നൽകാൻ അവസരം ലഭിക്കുമെന്ന്‌ മെഡിക്കൽ സൂപ്രണ്ട് അനൂപ് ജോസഫ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home