Deshabhimani

ഹാലോവീൻ ആഘോഷത്തിനിടെ യുഎസിൽ പലയിടങ്ങളില്‍ വെടിവെപ്പ്; ആറുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

US HALLOWEEN SHOOTING
വെബ് ഡെസ്ക്

Published on Nov 02, 2026, 07:15 AM | 2 min read

വാഷിങ്ടൺ: അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിലുണ്ടായ വെടിവെപ്പുകളിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ടെക്സസിലെ ഡാലസ്, അലബാമയിലെ ബർമിങ്ഹാം, ഡെലവെയർ, ഇല്ലിനോയ്, അർക്കൻസാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെടിവെപ്പുണ്ടായത്. ആഘോഷങ്ങൾക്കായി ജനങ്ങൾ ഒത്തുകൂടിയ വിനോദകേന്ദ്രങ്ങളിലും രാത്രികാല പാർട്ടികൾ നടന്ന സ്ഥലങ്ങളിലുമായിരുന്നു ആക്രമണങ്ങൾ. ചിലയിടങ്ങളിൽ ആഘോഷങ്ങൾക്കിടെയുണ്ടായ തർക്കങ്ങൾ വെടിവെപ്പിലേക്ക് നയിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.


ടെക്സസിലെ ഡാലസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. നഗരത്തിലെ ഡീപ് എല്ലം വിനോദകേന്ദ്രത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിൽ നാലുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം ഒന്നേകാൽ മണിക്കൂറിനിടെയാണ് ആക്രമണങ്ങളുണ്ടായത്. സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് ഡാലസ് പൊലീസ് മേധാവി ഡാനിയൽ കോമോ അറിയിച്ചു.


അലബാമയിലെ ബർമിങ്ഹാമിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാജിക് സിറ്റി ക്ലാസിക് ഫുട്ബോൾ മത്സരത്തിനുശേഷം ലെജിയൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപമാണ് ആക്രമണങ്ങളുണ്ടായത്. മത്സരത്തിനും അനുബന്ധ ആഘോഷങ്ങൾക്കുമായി ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് എത്തിയിരുന്നത്. വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നു.


ഡെലവെയർ സർവകലാശാലയ്ക്ക് സമീപമുള്ള നെവാർക്കിൽ ആറ് പേർക്ക് വെടിയേറ്റു. ഇല്ലിനോയിലെ ബ്ലൂമിങ്ടണിൽ ഇല്ലിനോയ് വെസ്ലിയൻ സർവകലാശാലയ്ക്ക് സമീപമുണ്ടായ വെടിവെപ്പിൽ 19 വയസ്സുകാരി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അർക്കൻസാസിലെ ഫയെറ്റ്വില്ലിലും വെടിവെപ്പിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


കാലിഫോർണിയയിലെ ഫെയർഫീൽഡിൽ ഹാലോവീൻ വേഷങ്ങളും അലങ്കാരവസ്തുക്കളും വിൽക്കുന്ന കടയിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. 31 വയസ്സുള്ള കോൺസ്റ്റൻസ് ഹേജസാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി സോളാനോ ടൗൺ സെന്ററിലെ കടയ്ക്കുള്ളിലാണ് ആക്രമണമുണ്ടായത്. ഒരാൾ ലക്ഷ്യമിട്ടുനടത്തിയ ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതിയെ കണ്ടെത്താൻ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.


ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനക്കൂട്ടം ഒത്തുകൂടിയ സ്ഥലങ്ങളിൽ തുടർച്ചയായുണ്ടായ വെടിവെപ്പുകൾ സുരക്ഷ സംബന്ധിച്ച ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home