Deshabhimani

ഹോർമുസിൽ മൈന്‍ പൊട്ടിത്തെറിച്ച് കപ്പലുകൾക്ക് തീപിടിച്ചു; ആക്രമണങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ

hormuz afp image

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 02, 2026, 07:44 AM | 2 min read

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ മൈൻ പൊട്ടിത്തെറിച്ച് രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. ഞായറാഴ്ചയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് നാവികസേന ഇക്കാര്യം അറിയിച്ചത്. ഇതിനിടെ ഖത്തറിന്റെ പ്രകൃതിവാതകക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ആക്രമണങ്ങൾ തുടരുന്നത് മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


ഇറാന്റെ അനുമതിയില്ലാത്ത കടൽപാതയിലൂടെ സഞ്ചരിച്ച കപ്പലുകളാണ് മൈനിൽ തട്ടിയതെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ വിശദീകരണം. കപ്പലുകൾക്ക് തീപിടിച്ചതായും അവയിലൊന്ന് കൂറ്റൻ എണ്ണക്കപ്പലാണെന്നും ഇറാൻ അറിയിച്ചു. എന്നാൽ കപ്പലുകളുടെ പേരുകളോ ഏത് രാജ്യങ്ങളുടേതാണെന്നോ ജീവനക്കാരുടെ സ്ഥിതിയോ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ അവകാശവാദത്തിന് സ്വതന്ത്ര സ്ഥിരീകരണവും ലഭിച്ചിട്ടില്ല.


ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തർക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്കെതിരെ ഇറാൻ നടപടി തുടരുകയാണ്. അതേസമയം, രാജ്യാന്തര കപ്പൽപാതകളിലെ മൈനുകൾ നീക്കം ചെയ്തെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ നിലപാട്. കപ്പലുകൾ മൈനിൽ തട്ടിയെന്ന ഇറാന്റെ ചില മുൻ അവകാശവാദങ്ങളെയും അമേരിക്ക നിഷേധിച്ചിരുന്നു.


വെള്ളിയാഴ്ച ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതകക്കപ്പലിന് നേരെയുണ്ടായ ആക്രമണം ഗൾഫ് രാജ്യങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. കടൽഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നു. നേരത്തേ സൗദി അറേബ്യയുടെയും ഖത്തറിന്റെയും എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഗൾഫ് സഹകരണ കൗൺസിൽ ശക്തമായി അപലപിച്ചിരുന്നു. ബഹ്റൈൻ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനവാസകേന്ദ്രങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെയും കൗൺസിൽ വിമർശിച്ചിട്ടുണ്ട്.


അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28ന് ഇറാനെതിരെ ആരംഭിച്ച സൈനികാക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായത്. ഇറാനെതിരായ അമേരിക്കൻ ഉപരോധവും എണ്ണക്കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളും സ്ഥിതി കൂടുതൽ സങ്കീർണമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിച്ചാണ് ഇറാൻ തിരിച്ചടിക്കുന്നത്. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസിലൂടെയുള്ള ഗതാഗതം വലിയ പ്രതിസന്ധി നേരിടുകയാണ്.


സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ തുടരുന്നുണ്ട്. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതും എണ്ണക്കയറ്റുമതിക്കുള്ള ഉപരോധം നീക്കുന്നതും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. ഉപരോധങ്ങൾ പിൻവലിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ കടലിടുക്ക് തുറക്കാനാകുമെന്നാണ് ഇറാന്റെ നിലപാട്. നയതന്ത്ര പരിഹാരത്തിനാണ് മുൻഗണനയെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൈനികനടപടി അവസാനിപ്പിക്കാൻ ധാരണയായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home