Deshabhimani

ജമാഅത്തെയ്ക്ക്‌ സ്വീകാര്യത നൽകരുത്‌; സർക്കാരിന്‌ മുന്നറിയിപ്പുമായി സമസ്‌ത വിദ്യാർഥി സംഘടന

skssf samastha
avatar
പി വി ജീജോ

Published on Nov 02, 2026, 07:34 AM | 1 min read

കോഴിക്കോട്‌ : ജമാഅത്തെ ഇസ്ലാമിക്ക്‌ ഭരണരംഗത്ത് സ്വീകാര്യത നൽകുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി സമസ്‌ത വിദ്യാർഥി സംഘടന എസ്‌കെഎസ്‌എസ്‌എഫ്‌. മതരാഷ്‌ട്രവാദികളായ ജമാഅത്തെക്ക്‌ വഖഫ്‌ ബോർഡിലടക്കം യുഡിഎഫ്‌ സർക്കാർ പ്രാതിനിധ്യം നൽകിയ പശ്ചാത്തലത്തിലാണ്‌ സമസ്‌തയുടെ വിദ്യാർഥി വിഭാഗത്തിന്റെ പ്രതികരണം. ജമാഅത്തെക്ക്‌ ഭരണതലത്തിൽ യുഡിഎഫ്‌ നൽകുന്ന പരിഗണന അവസാനിപ്പിക്കണമെന്ന്‌ കോഴിക്കോട്ടുചേർന്ന എസ്‌കെഎസ്‌എസ്‌എഫ്‌ സംസ്ഥാന ക‍ൗൺസിൽ ആവശ്യപ്പെട്ടു.


ചെറിയ സംഘടനയായ ജമാഅത്തെ ഇസ്ലാമി വിവിധ സംഘടനകളുടെ മറപിടിച്ച് സ്വന്തം അജൻഡകൾക്ക് പൊതുസ്വീകാര്യത നേടാൻ ശ്രമിക്കുകയാണ്‌. അപകടകരമായ ആശയങ്ങളുള്ളതാണീ പ്രസ്ഥാനം. ഇവർക്ക്‌ ഭരണരംഗത്ത് സ്വീകാര്യത നൽകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഇസ്ലാമോഫോബിയയുടെ പേരിൽ എല്ലാ വിഷയങ്ങളെയും അതിവൈകാരികമായി വ്യാഖ്യാനിക്കുന്ന സമീപനമാണിവർക്കെന്നും ‘ബഹുസ്വരതയും ജാഗ്രതയും: സാമൂഹിക നേതൃത്വത്തെ ദിശതെറ്റിക്കാനുള്ള ശ്രമങ്ങൾക്കെതിരെ’ എന്ന പ്രമേയത്തിൽ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രി വി ഡി സതീശനും മുസ്ലിംലീഗ്‌ നേതൃത്വവും എല്ലാവിധത്തിലും കെട്ടിപ്പുണരുകയും ഭരണപദവികൾ നൽകുകയും ചെയ്യുന്നതിൽ സുന്നി വിഭാഗമായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇകെ വിഭാഗം)യ്‌ക്കുള്ള ശക്തമായ പ്രതിഷേധമാണ്‌ എസ്‌കെഎസ്‌എസ്‌എഫിലൂടെ പുറത്തുവന്നിരിക്കുന്നത്‌.


യുഡിഎഫ്‌ ഭരണമേറ്റശേഷം ജമാഅത്തെക്ക്‌ അനർഹ പരിഗണനയും ലീഗ്‌ അനുകൂല സമസ്‌തക്ക്‌ അവഗണനയുമെന്ന വികാരം സംഘടനയിൽ ശക്തമാണ്‌. ഏറ്റവുമൊടുവിൽ വഖഫ്‌ ബോർഡ്‌ പുനഃസംഘടനയിൽ സമസ്‌തയെ തഴഞ്ഞു. എന്നാൽ വെൽഫെയർ പാർടി നേതാവ് ജസീം സബാഹിനെ ഉൾപ്പെടുത്തി ജമാഅത്തെക്ക്‌ സ്ഥാനം നൽകി. മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ വെൽഫെയർ പാർടി നേതാവിനെ നിയമിച്ചതിലും എതിർപ്പുണ്ടായിരുന്നു. സമസ്‌ത നേതൃത്വത്തിന്റെ സമ്മതിയോടെയാണ്‌ വിദ്യാർഥി സംഘടന ജമാഅത്തെക്കും അതുവഴി യുഡിഎഫ്‌ സർക്കാരിനുമെതിരെ രംഗത്തുവന്നിരിക്കുന്നത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home