പച്ചപ്പട്ടണിയാൻ നാട്

Environment Day
വെബ് ഡെസ്ക്

Published on Jun 06, 2025, 03:08 AM | 2 min read

കൊച്ചി

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും വൃക്ഷത്തൈ നട്ടും പരിപാടികൾ സംഘടിപ്പിച്ചും ആഘോഷിച്ചു. സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം എസ്‌ആർവി ഹെെസ്കൂളിൽ വൃക്ഷത്തൈ നട്ട്‌ ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ് അധ്യക്ഷനായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദിനാചരണം നോർത്ത് റെയിൽവേ സ്റ്റേഷനുസമീപം ചെടിനട്ട്‌ ജില്ലാ പ്രസിഡന്റ് ടി വി അനിത ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടെസി ജേക്കബ് അധ്യക്ഷയായി. ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം നടത്തിയ വൃക്ഷത്തൈ നടീൽ ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്‌തു.


സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ വൃക്ഷത്തൈ നടീൽ കലക്ടർ എൻ എസ് കെ ഉമേഷ് ഉദ്‌ഘാടനം ചെയ്‌തു. കൊച്ചി ബിഎസ്എൻഎൽ ഭവനിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ ഫ്രാൻസിസ് ജേക്കബ് വൃക്ഷത്തൈ നട്ടു. വിപിഎസ് ലേക്‌ഷോർ ആശുപത്രി സംഘടിപ്പിച്ച ക്യാമ്പയിൻ തണൽ ആശുപത്രി മാനേജിങ്‌ ഡയറക്ടർ എസ് കെ അബ്ദുള്ളയും സീനിയർ ഡയറക്ടർ കെ വി ജോണിയും ചേർന്ന് മരംനട്ട് ഉദ്ഘാടനം ചെയ്തു. അമൃത കോളേജ് ഓഫ് നഴ്സിങ്‌ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞാറക്കൽ ഗവ. വിഎച്ച്‌എസ്‌എസിൽ നടന്ന ദിനാചരണം നഴ്സിങ്‌ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ടി മോളി ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ വൃക്ഷത്തൈ വിതരണം നടത്തി.


എറണാകുളം പൗരവേദിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പൻകാവ് ശ്രീനാരായണ എച്ച്‌എസ്‌എസിൽ നടന്ന പരിപാടിയിൽ സെൻട്രൽ പൊലീസ് എസ്ഐ മുഹമ്മദ് മുബാറക് വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകി. എറണാകുളം–-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ട്‌ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചിൻ പോർട്ടിൽ ഡെപ്യൂട്ടി ചെയർമാൻ സതീഷ് ഹൊന്നക്കട്ടെ പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിൽ വൃക്ഷത്തൈ നട്ടു. കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം കാക്കനാട് വില്ലേജ് ഓഫീസ്‌ പരിസരത്ത്‌ പ്ലാവിൻതൈ നട്ട്‌ ജില്ലാ പ്രസിഡന്റ് എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.


‘പ്ലാസ്റ്റിക്‌ മാലിന്യവിമുക്ത കേരളം’ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. എല്ലായിടത്തും പ്രവർത്തകർ പരിസ്ഥിതി നീതി, സാമ്രാജ്യത്വവിരുദ്ധ പ്രതിജ്ഞയെടുത്തു. കോലഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ നടന്ന കടമ്പ്രയാർ ശുചീകരണം ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ വിഷ്‌ണു ജയകുമാർ അധ്യക്ഷനായി. പ്രവർത്തകരുടെ നേതൃത്വത്തിൽ കടമ്പ്രയാറിലെ പ്ലാസ്റ്റിക്‌ മാലിന്യം നീക്കി. സമീപത്ത്‌ ഉദ്യാന നിർമാണത്തിനും തുടക്കമിട്ടു. അങ്കമാലി മഞ്ഞപ്ര ജെബിഎസ് സ്കൂളിൽ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു വൃക്ഷത്തൈനട്ട്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ഇടച്ചിറ യൂണിറ്റിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, കടൽവാതുരുത്ത് യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ്, നെട്ടൂർ സൗത്ത് യൂണിറ്റിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ വി കിരൺ രാജ്, അയ്യമ്പുഴ ചുള്ളി ഗവ. എൽപി സ്കൂളിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി യു ജോമോൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. എല്ലാ യൂണിറ്റുകളിലും പരിസ്ഥിതിദിന പരിപാടികൾ നടന്നു.


പരിസ്ഥിതിദിനത്തിൽ "അവനി വാഴ്‌വ്‌ കിനാവ്‌' എന്ന സന്ദേശവുമായി എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ഉദ്‌ഘാടനം പുതുവൈപ്പ്‌ ബീച്ചിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി അഖില ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആശിഷ്‌ എസ്‌ ആനന്ദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ അർജുൻ സംസാരിച്ചു. എസ്‌എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പുതുവൈപ്പ്‌ ബീച്ച്‌ ശുചീകരിച്ചു. വായുമലിനീകരണത്തിനെതിരെയുള്ള സന്ദേശവുമായി, സിഗ്നലിൽ നിൽക്കുമ്പോൾ വാഹനങ്ങളുടെ എൻജിൻ ഓഫ്‌ ചെയ്യാൻ അഭ്യർഥിച്ച്‌ ബാനറുകളുമായി ഇടപ്പള്ളിയിൽ വിദ്യാർഥികൾ അണിനിരന്നു. ലഘുലേഖകളും വിതരണം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home