അതിരുകളില്ലാത്ത അതിഥി മക്കളും...

പെരുമ്പാവൂർ ഗവ. ഗേൾസ് എൽപി സ്കുളിൽ പ്രവേശനോത്സവത്തിനെത്തിയ അതിഥിത്തൊഴിലാളികളുടെ മക്കൾ
ഇ കെ ഇക്‌ബാൽ
Published on Jun 02, 2026, 02:07 AM | 1 min read
പെരുമ്പാവൂർ
ഭാഷയും ദേശവും അതിരുകൾ തീർക്കാത്ത അറിവിന്റെ അങ്കണത്തിലേക്ക് കണ്ണുകളിൽ കൗതുകവും കളിചിരിയുടെ ആവേശവുമായി ആഹ്ലാദം പങ്കിട്ട് അതിഥിത്തൊഴിലാളികളുടെ മക്കളും. പെരുമ്പാവൂർ ഗവ. ഗേൾസ് എൽപി സ്കൂളിന്റെ പടികടക്കുമ്പോൾ, മറുനാട്ടിൽനിന്നെത്തിയ കുരുന്നുകളുടെ മുഖത്ത് ഭയലേശമുണ്ടായിരുന്നില്ല. ചെറിയ കുളത്തിന് മുകളിലൂടെ കയറിയിറങ്ങാൻ പാലം, ഊർന്നിറങ്ങാനുള്ള കളിക്കോപ്പുകൾ, കളിപ്പാട്ടങ്ങൾ, ഊഞ്ഞാൽ, ഒപ്പം വാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന അധ്യാപകർ...
ഒന്നാംക്ലാസിൽ ചേരാനെത്തിയ അതിഥിത്തൊഴിലാളികളുടെ മക്കൾക്ക് സ്‌കൂൾ നന്നേ പിടിച്ചു. ഒന്നാംക്ലാസിൽ ചേർന്ന ബംഗാൾ സ്വദേശി ഋതിക്, അസം സ്വദേശിനി റൈഹാൻ എന്നിവർ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലായിരുന്നു. കൈനിറയെ ബലൂണുകളും പ്രവേശനോത്സവ പതാകയും മറ്റുമായി കുട്ടികൾ പാറിനടക്കുന്നത് കൺകുളിർക്കെ കാണാൻ രക്ഷാകർത്താക്കളും കാത്തുനിന്നു.
ബംഗാൾ, ബിഹാർ, രാജസ്ഥാൻ, അസം എന്നിവിടങ്ങളിൽനിന്നുള്ള 20 അതിഥിത്തൊഴിലാളികളുടെ മക്കളാണ് പെരുന്പാവൂർ ഗവ. ഗേൾസ് എൽപി സ്കൂളിൽ പഠിക്കുന്നത്. വിവിധ ഭാഷകളറിയാവുന്ന അധ്യാപിക അബീന അഷറഫ് സ്നേഹത്തണലുമായി ഇവർക്ക് വഴികാട്ടിയായുണ്ട്.‘‘കേരളത്തിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടും. ഞങ്ങളുടെ നാട്ടിൽ സ്കൂളുകൾ കുറവാണ്. പഠിപ്പിക്കാൻ വിടണമെങ്കിൽ ചെലവുമേറെ. ഇവിടെ ബുക്കും പുസ്‌തകവും യൂണിഫോമും ഭക്ഷണവും സൗജന്യമായി നൽകുന്നു. കൂടുതൽ മാർക്ക് നേടിയാൽ ഉപഹാരങ്ങൾ വേറെയും. കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്. മൂന്നിലും നാലിലും പഠിക്കുന്നവർ അച്ഛനമ്മമാരെ മലയാളം പഠിപ്പിക്കാറുമുണ്ട്.’’– കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.










0 comments