കാട്ടാനയെ മയക്കുവെടിവച്ച് തളച്ചു

റേഡിയോ കോളർ ഘടിപ്പിച്ചശേഷം വിശ്രമിക്കുന്ന കാട്ടാന
കോതമംഗലം
ഒരുമാസമായി കോട്ടപ്പടി, -പിണ്ടിമന പഞ്ചായത്തുകളിൽ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടിവച്ച് തളച്ചു. ജനവാസമേഖലകളായ വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, വടക്കുംഭാഗം എന്നിവിടങ്ങളിലെ സ്ഥിരംസാന്നിധ്യമായ കാട്ടാനയെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിച്ചു.
വ്യാഴം രാവിലെ കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം വനാതിർത്തി മേഖലയിലാണ് കാട്ടാനയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന്റെ പ്രത്യേകസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിനൊടുവിൽ കാട്ടാനയെ നിയന്ത്രണത്തിലാക്കി റേഡിയോ കോളർ ഘടിപ്പിക്കുകയായിരുന്നു. കാട്ടാനയെ തളയ്‌ക്കാൻ വനം വകുപ്പ് മൂന്ന് പ്രാവശ്യം മയക്കുവെടി വെച്ചു.
ചൊവ്വ രാവിലെ 8.30ന് ആനക്ക് ആദ്യ മയക്കുവെടിവച്ചെങ്കിലും ആന വനത്തിനുള്ളിലേക്ക് നീങ്ങി. തുടർന്ന് പകൽ രണ്ടിനും വൈകിട്ട് 3.30നും വീണ്ടും മയക്കുവെടിവച്ച് ആനയെ പൂർണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ചപ്പോൾ ആനയുടെ ഇടതുവശത്തെ മുൻനിരപ്പല്ലിന്റെ ഭാഗത്ത് ഗുരുതരക്ഷതം കണ്ടെത്തി. പരിക്ക് സ്ഫോടകവസ്തു കടിച്ചതുമൂലം ഉണ്ടായതാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ.
പരിക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനാവശ്യമായ ആന്റിബയോട്ടിക്കുകളും മറ്റുമരുന്നുകളും നൽകിയശേഷമാണ് വൈകിട്ട് അഞ്ചിന് റേഡിയോ കോളർ ഘടിപ്പിച്ചത്. റേഡിയോ കോളറിൽനിന്ന് ലഭിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരം ഓരോ പത്ത് മിനിറ്റിലും നിരീക്ഷിക്കും. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം വെങ്കടേശ്വരൻ, വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി ബാബു, ഡോ. ഒ വി മിഥുൻ, കോടനാട് റേഞ്ച് ഓഫീസർ ഇ ബി ലുധീഷ് , തുണ്ടത്തിൽ റേഞ്ച് ഓഫീസർ നിഖിൽ ജേറോം, കുട്ടമ്പുഴ റേഞ്ച് ഓഫീസർ വി പി മുരളീദാസ് എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
ആനയെ രണ്ടുദിവസം നിരീക്ഷിച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ ഇവിടെനിന്ന് കൊണ്ടുപോകുവാനാണ് വനംവകുപ്പിന്റെ നീക്കം. ഒരുമാസംമുന്പ് ജനവാസമേഖലയിൽ ആനയെത്തിയപ്പോൾത്തന്നെ മുറിവേറ്റതായി സമീപവാസികൾ നൽകിയ സൂചന വനംവകുപ്പ് തള്ളുകയായിരുന്നു. അന്നുതന്നെ ആനയ്‌ക്ക് ചികിത്സ നൽകിയിരുന്നെങ്കിൽ പ്രശ്‌നം ഇത്രയും സങ്കീർണമാകില്ലായിരുന്നു. ആദ്യം രംഗത്തുവരാതിരുന്ന എംഎൽഎയ്‌ക്കും പിണ്ടിമന പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ രൂക്ഷവിമർശം ഉയർന്നിരുന്നു.
എൽഡിഎഫ് പിണ്ടിമന പഞ്ചായത്ത് അംഗം പ്രിൻസ് ജോൺ ആണ് ഒറ്റയാൾ സമരവുമായി രംഗത്തുവന്നത്. കാട്ടാനശല്യം രൂക്ഷമായതോടെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആന്റണി ജോണിന്റെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഇതിനുശേഷമാണ് പകൽപോലും ആന റോഡിൽ ഇറങ്ങുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് യുഡിഎഫ് ജനപ്രതിനിധികൾ രംഗത്തെത്തിയത്.
റേഡിയോ കോളർ ഘടിപ്പിച്ച ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതോടെ ഒരുമാസം നീണ്ടുനിന്ന കാട്ടാനശല്യത്തിന് വിരാമമാകും.










0 comments