കാട്ടാനശല്യം
ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണം: സിപിഐ എം

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് കാട്ടാന കിണറ്റിൽ വീണ സ്ഥലം സന്ദർശിക്കുന്നു
കൊച്ചി
കാട്ടാനശല്യത്തിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയിൽ കാട്ടാന കിണറ്റിൽ വീണ സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് നിരന്തരം കാട്ടാനശല്യമുണ്ടാകുന്നത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു. ആളുകൾ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടമ്പുഴ കൂവപ്പാറയിൽ ഒന്പത് കോൽ ആഴമുള്ള കിണറ്റിലാണ് ആന വീണത്. തുമ്പിക്കൈയിലും മസ്തിഷ്കത്തിലും ഗുരുതര പരിക്കേറ്റ ആനയെ മയക്കുവെടിവച്ച് ചികിത്സിക്കേണ്ടതുണ്ട്. എന്നാൽ, കാട്ടിലേക്ക് തിരികെവിട്ട് നിരീക്ഷിച്ച് ചികിത്സ നൽകാനാണ് തീരുമാനം. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ആന വീണ്ടും ജനവാസമേഖലയിലിറങ്ങാൻ സാധ്യതയുണ്ട്.
കിണറിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം ഉടൻ നൽകണം. ഒരാഴ്ചക്കുള്ളിൽ സൗരവേലി ഇടുമെന്ന് എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്. അത് കൃത്യമായി നടപ്പാക്കണം. മുന്പ്, ആനയുടെ ആക്രമണത്തിൽ മരിച്ച പൊങ്ങിൻചുവട് ഉന്നതിയിലെ ആദിവാസി കുടുംബത്തിന് നൽകാനുള്ള മുഴുവൻ തുകയും ഇതുവരെ സർക്കാർ നൽകിയിട്ടില്ല. 14 ലക്ഷം രൂപ നൽകേണ്ടിടത്ത് അഞ്ചുലക്ഷം മാത്രമാണ് നൽകിയത്.
പല തടസ്സങ്ങളും പറഞ്ഞ് സർക്കാർ പാവപ്പെട്ട ആദിവാസി കുടുംബങ്ങളെയും ജനങ്ങളെയും വഞ്ചിക്കുകയാണ്. വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് തുടർന്നിട്ടും സർക്കാർ പരിഹാരനടപടികളെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും എസ് സതീഷ് പറഞ്ഞു.










0 comments