വ്യാപാരസ്ഥാപനങ്ങളിലെ ഇലക്ട്രിക്-വയർ മോഷ്ടാക്കളെ പിടികൂടിയില്ല

മൂവാറ്റുപുഴ വെള്ളൂർകുന്നം ഇഇസി മാർക്കറ്റ് കവലയിൽ നാളുകളായി തെളിയാത്ത ഹൈമാസ്റ്റ് ലൈറ്റ്
മൂവാറ്റുപുഴ
മൂവാറ്റുപുഴ പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളിലെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മോഷ്ടാക്കളെ പിടികൂടിയില്ല. സിസിടിവിയിൽ ഒരാളുടെ ദൃശ്യം കണ്ടെത്തിയത് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാനകേസുകളിലുൾപ്പെട്ടവരെയും സംശയിക്കുന്നുണ്ട്. മൂവാറ്റുപുഴ അരമനപ്പടിയിലെ സ്വകാര്യ വ്യാപാരസമുച്ചയത്തിലെ എട്ട് സ്ഥാപനങ്ങളിലെ വയറിങ് സാമഗ്രികൾ കഴിഞ്ഞ ഞായർ രാത്രിയാണ് മോഷ്ടിച്ചത്. കെട്ടിടത്തിലെ കെഎസ്ഇബി മീറ്റർ ബോക്സിൽനിന്നുള്ള വയറുകളാണ് മോഷ്ടാക്കൾ മുറിച്ചെടുത്തത്. തിങ്കൾ രാവിലെ സ്ഥാപനങ്ങൾ തുറക്കാനെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്.
പൊതുവിതരണകേന്ദ്രം, മർച്ചന്റ് വെൽഫെയർ സൊസൈറ്റി ഉൾപ്പെടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. സ്ഥാപനങ്ങളിൽ വൈദ്യുതിബന്ധം നിലച്ചത് പുനഃസ്ഥാപിച്ചിട്ടില്ല. മോഷ്ടിക്കുന്ന വയറുകളിലെ ചെമ്പുകമ്പികൾ മോഷ്ടാക്കൾ തരംതിരിച്ച് ആക്രിക്കടകളിൽ വിൽക്കുകയാണ്. പട്ടണത്തിലെ വിവിധ പ്രദേശങ്ങളിൽ നിർമാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് സാമഗ്രികൾ മുമ്പും മോഷ്ടിച്ചിട്ടുണ്ട്. പട്ടണത്തിലും പരിസരങ്ങളിലും രാത്രിയിൽ പൊലീസ് പട്രോളിങ് കർശനമാക്കണമെന്ന് വ്യാപാരിസംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു.
വഴിവിളക്കുകളും കണ്ണടയ്ക്കുന്നു
പട്ടണത്തിലെ പ്രധാനറോഡുകളിലും കവലകളിൽ പലയിടത്തും വഴിവിളക്കുകൾ തെളിയാത്തത് മോഷ്ടാക്കൾക്ക് വഴിയൊരുക്കുന്നു. എംസി റോഡ്, കൊച്ചി–ധനുഷ്‌കോടി ദേശീയപാത ഉൾപ്പെടെ കടന്നുപോകുന്ന ഭാഗങ്ങളിലും ഇടറോഡുകളിലും പലപ്പോഴും വഴിവിളക്കുകൾ തെളിയാറില്ല. നാട്ടുകാർ പലതവണ പരാതിപ്പെട്ട് മാറ്റിസ്ഥാപിച്ചാലും വിളക്കുകൾ അടുത്തദിവസം കണ്ണടയ്ക്കും. പ്രധാന കവലകളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പലതും കണ്ണടച്ചിട്ട് നാളുകളായി. വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ അപകടങ്ങളും വർധിച്ചു. നഗരസഭ ശ്രദ്ധിക്കാത്തതിനാൽ വഴിവിളക്കുകൾ തെളിയാതെ പട്ടണം ഇരുട്ടിലാണ്.









0 comments