എൻഐടിയോട് നാട്ടുകാർ അപേക്ഷിക്കുന്നു
‘സാറെ ഞങ്ങളുടെ കുടിവെള്ളം മുട്ടിക്കല്ലേ'

ആസിഫ് അലിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നു
ശ്രീനിവാസൻ ചെറുകുളത്തൂർ കുന്നമംഗലം എൻഐടി ഹോസ്‌റ്റലിലെ കക്കൂസ് ടാങ്കുകളിലെ മാലിന്യം കിണറിൽ കലർന്ന് സമീപ പ്രദേശങ്ങളിലെ കുടുംബങ്ങൾ ദുരിതത്തിൽ. പഴയ എൻഐടി ഗേറ്റിന് സമീപം പാലക്കുറ്റി മദ്രസക്ക് അടുത്ത് താമസിക്കുന്നവരുടെ കുടിവെള്ളത്തിലാണ് കക്കൂസ് മാലിന്യം കലരുന്നത്. എൻഐടി എംബിഎ ഹോസ്റ്റലിലെ കക്കൂസ് ടാങ്കുകൾ നിറഞ്ഞുകവിഞ്ഞാണ് കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നത്. ചാത്തമംഗലം പാലക്കുറ്റി വടക്കെ തൊടികയിൽ ആസിഫ് അലി എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്‌ണ, ഡീനുകൾ, ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെല്ലാം നിരവധി തവണ പരാതി നൽകിയിട്ടും ഒരുനടപടിയുമുണ്ടായിട്ടില്ല. കിണർ വെള്ളത്തിൽ വലിയതോതിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മഞ്ഞപ്പിത്തമുൾപ്പെടെയുള്ള രോഗങ്ങളും വരുന്നു. പ്രവാസിയായ ആസിഫ് അലിയുടെ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ മഞ്ഞപ്പിത്തം വന്ന് ചികിത്സയിലാണ്. രണ്ട് വാട്ടർ പ്യൂരിഫയറിൽ വെള്ളം ശുദ്ധീകരിച്ചാണ് ഇവർ ഉപയോഗിക്കുന്നത്. എന്നിട്ടും രക്ഷയില്ല. കിണർ വെള്ളം പമ്പുചെയ്ത് വറ്റിച്ചപ്പോൾ അടിയിൽ വലിയ മാലിന്യനിക്ഷേപവും വെള്ളത്തിന് രൂക്ഷ ഗന്ധവും അനുഭവപ്പെട്ടതായി ഇവർ പറയുന്നു. ശാസ്ത്ര സാങ്കേതിക ഗവേഷണ പഠന സ്ഥാപനമായിട്ടും ശാസ്‌ത്രീയ മാലിന്യ സംസ്‌കരണ സംവിധാനമേർപ്പെടുത്താത്തത് പരിഹാസ്യമാണെന്നാണ് ഉയരുന്ന വിമർശം. എൻഐടി വിഷയം പരിശോധിച്ച് തങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.









0 comments