സാനു മാഷ് നേടിയ 10,032

1987ലെ എൽഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർക്കൊപ്പം എം കെ സാനു
എറണാകുളം മണ്ഡലത്തിലെ ആദ്യ എൽഡിഎഫ് എംഎൽഎ തലമുറകളുടെ ഗുരുനാഥൻ അന്തരിച്ച പ്രൊഫ. എം കെ സാനുവാണ്. അദ്ദേഹം മത്സരിച്ച ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പ്. തുടർച്ചയായി നാലുവട്ടം നഗരത്തെ പ്രതിനിധീകരിച്ച കോൺഗ്രസിലെ എ എൽ ജേക്കബിനെയാണ് തോൽപ്പിച്ചത്. 1987ൽ. ഇ എം എസ് ഉൾപ്പെടെ നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാർഥിയായത്.
നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെക്കുറിച്ച് എം കെ സാനു ആത്മകഥയിൽ ഒന്നുംതന്നെ എഴുതിയില്ല. എന്നാൽ, സ്ഥാനാർഥിയെന്നനിലയിൽ മണ്ഡലത്തിൽ നടത്തിയ പ്രചാരണ പരിപാടികളെക്കുറിച്ച് കുറഞ്ഞ വാക്കുകളിലാണെങ്കിലും എഴുതി. ‘രാപ്പകലുകൾ ഒരുപോലെ തിരക്കുള്ളതായിരുന്നു. കവലകളിലും ആൾത്തിരക്കുള്ള കച്ചവടകേന്ദ്രങ്ങളിലും എനിക്ക് പ്രസംഗിക്കേണ്ടിവന്നു... ജനങ്ങളിൽനിന്ന് കിട്ടിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും അളവില്ല.
ഒന്നും രണ്ടും രൂപയുടെ നോട്ടുകൾ നേരിൽത്തന്നവർ ധാരാളം.’ സാനു എത്തുന്ന സ്ഥലങ്ങളിലെല്ലാം കുട്ടികൾ പിന്നാലെ കൂടുന്നത് പതിവായിരുന്നു. വോട്ടില്ലാത്ത കൂട്ടരാണല്ലോ മാഷിന്റെ പിന്തുണക്കാർ എന്ന് ചിലർ പരിഹസിച്ചെങ്കിലും ആ പിന്തുണകൊണ്ട് പ്രയോജനമുണ്ടായെന്ന് മാഷ് എഴുതുന്നു. ‘വീട്ടിൽ കൊച്ചുമക്കൾ ഇരിക്കപ്പൊറുതി തരുന്നില്ല. സാനുമാഷിന് വോട്ട് ചെയ്യാമെന്ന് സമ്മതിക്കാതെ അവർ ഞങ്ങളെ വിടുന്നില്ല’. ഒരിടത്ത് മാഷിനെ വളഞ്ഞ മുതിർന്നവർ പറഞ്ഞത്രെ. 10,032 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാഷ് അന്ന് വിജയിച്ചത്.










0 comments