വികസനം അടച്ചുപൂട്ടിയ എളങ്കുന്നപ്പുഴ

മുരുക്കുംപാടം പൊതുശ്‌മശാനത്തിലെ പൂന്തോട്ടത്തിൽ കൂട്ടിയിട്ടിരിക്കുന്ന വിറക്
പി കെ രവീന്ദ്രൻ
Published on Oct 19, 2025, 02:19 AM | 1 min read
വൈപ്പിൻ
യുഡിഎഫിന്റെ അഞ്ചുവർഷ ഭരണത്തിൽ വികസനം അടച്ചുപൂട്ടിയനിലയിലാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത്. എൽഡിഎഫ് ഭരിച്ചിരുന്നപ്പോൾ പ്രസിഡന്റായിരുന്ന വി കെ കൃഷ്‌ണന്റെ ശ്രമഫലമായി എസ്‌സി വിദ്യാർഥികൾക്കായി ആരംഭിച്ച കംപ്യൂട്ടർ പരിശീലനകേന്ദ്രം നിലവിലെ ഭരണസമിതി അടച്ചുപൂട്ടി.
ഇതിനായി വാങ്ങിയ കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളെല്ലാം നീക്കംചെയ്തു. പഞ്ചായത്ത് ഓഫീസിനുപിന്നിൽ കുടുംബശ്രീ ഓഫീസ് ഉൾപ്പെടെയുള്ള മന്ദിരത്തിൽനിന്ന് കുടുംബശ്രീയെ പടിയിറക്കി.
എൽഡിഎഫ് ഭരണസമിതി തുടങ്ങിയ വയോജനകേന്ദ്രം ഒരു പുരോഗതിയുമില്ലാതെ തുടങ്ങിയയിടത്തുതന്നെ നിൽക്കുകയാണ്.
എൽഡിഎഫ് 90 ശതമാനം നിർമാണം പൂർത്തിയാക്കിയ മുരുക്കുംപാടം പൊതുശ്മശാനത്തിൽ മനോഹരമായ പൂന്തോട്ടമൊരുക്കിയിരുന്നു. വാതക ശ്‌മശാനത്തിന്റെ പ്രവർത്തനം തുടക്കത്തിൽത്തന്നെ നിലച്ചു.
വിറകിൽമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പൂന്തോട്ടം വിറകുപുരയാക്കി മാറ്റി. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾക്ക് 58 കോടി രൂപ അനുവദിച്ചു. എന്നാൽ, എംപിയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും ഒരു രൂപപോലും എൽഡിഎഫ് വാർഡുകളിൽ അനുവദിച്ചില്ല.
പിടിപ്പുകേടിന്റെ നേർക്കാഴ്‌ചകൾ
* നിർമാണം പൂർത്തിയാക്കി നാലുവർഷം പിന്നിട്ടപ്പോൾ പഞ്ചായത്തിന്റെ പുതിയ കോൺഫറൻസ്
ഹാളിന്റെ റൂഫ് തകർന്നു
* സർക്കാർ നിർദേശിച്ച ചട്ടങ്ങൾ പാലിക്കാതെ ബഡ്‌സ് സ്‌കൂൾ അധ്യാപക നിയമനം
* മാലിപ്പുറം പാലത്തിനുസമീപത്തെ പഞ്ചായത്ത് ഭൂമി അന്യാധീനപ്പെടുത്തി
* അഴീക്കൽ മത്സ്യഗ്രാമത്തിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ ഫിഷറീസ് വകുപ്പ് അനുവദിച്ച രണ്ടുകോടി രൂപയുടെ പദ്ധതി നഷ്ടപ്പെടുത്തി
* ആർഎംപി കനാൽ തുടക്കസ്ഥലമായ അഴിമുഖത്ത് മണ്ണ് വീണ് നീരൊഴുക്ക് തടയുന്നതുമൂലമുള്ള വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ല
* പഞ്ചായത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലുമുള്ള ഓരുവെള്ളക്കയറ്റത്തിന് പരിഹാരമില്ല. ഇതേത്തുടർന്ന് കൊതുകുശല്യം രൂക്ഷം.










0 comments