കടുങ്ങല്ലൂർ എടയാറ്റുചാൽ പാടശേഖരം മണ്ണിട്ട് നികത്തരുത്

കടുങ്ങല്ലൂർ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി എം ശശി ഉദ്ഘാടനം ചെയ്യുന്നു
ആലുവ
അഞ്ചുവർഷമായി നെൽക്കൃഷി നടത്തുന്ന 300 ഏക്കർ വിസ്തൃതിയുള്ള എടയാറ്റുചാൽ പാടശേഖരം ഇന്റർ നാഷണൽ സ്പോർട്‌സ് സിറ്റിക്കായി മണ്ണിട്ട് നികത്താനുള്ള വ്യവസായിയുടെ ശ്രമം പഞ്ചായത്ത് തടയണമെന്ന് എൽഡിഎഫ്. ഇത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് റാലിയും ധർണയും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി എം ശശി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ സി ജി വേണുഗോപാൽ അധ്യക്ഷനായി.
മന്ത്രിയായിരുന്ന പി രാജീവ് മുൻകൈയെടുത്ത് ആരംഭിച്ച എടയാറ്റുചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ്. പണി തടസ്സപ്പെടുത്തിയതിനുപിന്നിൽ പഞ്ചായത്തിന്റെയും വ്യവസായിയുടെയും ഒത്തുകളിയുണ്ട്. പഞ്ചായത്ത് ഭരണസമിതി കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. പ്രവർത്തനരഹിതമായ എടയാറിലെ പൊതുശ്മശാനം നവീകരിച്ച് പ്രവർത്തന സജ്ജമാക്കണം.
പി രാജീവ്, ഖരമാലിന്യ സംസ്കരണ പ്ലാന്റിനായി വ്യവസായവകുപ്പിൽനിന്ന് ഒന്നരയേക്കർ സ്ഥലം എടയാർ വ്യവസായ മേഖലയിൽ അനുവദിച്ച് കെട്ടിടനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
യുഡിഎഫ് ഭരണസമിതി വന്നശേഷം പണികൾ നടക്കുന്നില്ല. ഖരമാലിന്യ സംസ്കരണ പ്ലാറ്റ് നിർമാണം പുനരാരംഭിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഓഞ്ഞിത്തോട് ഭൂമി കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിക്കാൻ റവന്യുവിഭാഗം സ്ഥലം അളന്ന് കല്ലുകൾ സ്ഥാപിച്ചിരുന്നു. കൈയേറ്റസ്ഥലം കൈവശപ്പെടുത്തി പഞ്ചായത്തിന്റെ ആസ്‌തിരജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിൽ നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാണിച്ചു. പഞ്ചായത്തിന് അവകാശപ്പെട്ട ഭൂമിയിൽനിന്നിരുന്ന 20 വൻ മരങ്ങൾ മുറിച്ചുകടത്തി. മരം കടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം. പകർച്ചവ്യാധികൾ പകരാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം ആയപ്പോഴേക്കും പഞ്ചായത്ത് ഓഫീസ് കെട്ടിടസമുച്ചയവും കമ്യൂണിറ്റി ഹാളും സീലിങ്ങുകളും തകർന്നു. കെട്ടിടനിർമാണത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.
എൽഡിഎഫ് നേതാക്കളായ ടി കെ ഷാജഹാൻ, പി കെ തിലകൻ, വി എം പ്രഭാകരൻ, പി വി സുഗുണാനന്ദൻ, കെ ജെ സെബാസ്റ്റ്യൻ, പി എ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജിഷ പ്രജിത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.










0 comments