കെടുകാര്യസ്ഥതയിൽ വലഞ്ഞ് എടവനക്കാട്

എടവനക്കാട് പഴയ 12–ാംവാർഡിൽ തകർന്നുകിടക്കുന്ന റോഡ്
പി കെ രവീന്ദ്രൻ
Published on Oct 07, 2025, 02:45 AM | 1 min read
വൈപ്പിൻ
യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ വികസനമുരടിപ്പിന്റെ നേർച്ചിത്രമാകുകയാണ് എടവനക്കാട് പഞ്ചായത്ത്. നിരവധി റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതെ കുണ്ടുംകുഴിയുമായി കിടക്കുന്നത്. റോഡുകളുടെ നവീകരണം പഞ്ചായത്തിന്റെ ഉത്തരവാദിത്വമല്ലെന്ന നിഗമനത്തിലാണ് യുഡിഎഫ് ഭരണസമിതി. തെരുവുവിളക്കുകളും പ്രവർത്തിക്കുന്നില്ല.
കടൽക്ഷോഭം തടയാൻ എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച ജിയോബാഗ് സ്ഥാപിക്കുന്നത് പഞ്ചായത്തിന്റെ എതിർപ്പുമൂലം കൃത്യസമയത്ത് നടപ്പാക്കാനായില്ല. കടലിൽനിന്ന് കയറുന്ന മണൽ നീക്കുന്നതിൽ പഞ്ചായത്ത് വീഴ്‌ചവരുത്തുന്നതിനാൽ തീരദേശ റോഡ് മണൽമൂടി യാത്രാ തടസ്സം പതിവായി. പൊക്കാളിപ്പാടങ്ങളുടെ സമീപവാസികൾക്ക് ലഭിക്കുന്ന തീരസംരക്ഷണ നിയമത്തിലെ ഇളവുകൾ മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ളവർക്ക് നഷ്ടപ്പെടുത്താനിടയാക്കിയ കുറ്റകരമായ അനാസ്ഥയും പഞ്ചായത്തിന്റെ ഭാഗമായുണ്ടായി. പ്രധാന തോടുകളുടെ ആഴം വർധിപ്പിച്ച് തകർന്ന പാർശ്വഭിത്തി പുനഃസ്ഥാപിക്കാതെവന്നതോടെ വെള്ളം കയറുന്നതും രൂക്ഷമായി.
തീരസംരക്ഷണ നിയമപ്രകാരം സമയാസമയങ്ങളിൽ തൂമ്പുകളുടെയും പ്രദേശങ്ങളുടെയും കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ നൽകിയില്ല. ഇതുമൂലം പലർക്കും വീടുവയ്ക്കാൻപറ്റാത്ത സാഹചര്യമാണ്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്താനോ കെട്ടിടം പണിയാനോ സാധിച്ചിട്ടില്ല. കുന്നുകൂടിയ മാലിന്യം യഥാസമയം നീക്കുന്നതിനും മറുപടിയില്ല. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് കരാറുകാരെ കണ്ടെത്തിയില്ല. ഇതുമൂലം പല പ്രവൃത്തികളും നടന്നില്ല.










0 comments